ss

തിരുവനന്തപുരം : വാഹനാപകടത്തിൽ പൊലിഞ്ഞ 31കാരൻ ജെറി വർഗീസ് ഇനി അഞ്ചു പേരിലൂടെ ജീവിക്കും.

കരൾ,വൃക്കകൾ,നേത്രപടലങ്ങൾ എന്നീ അവയവങ്ങൾ പകുത്തു നൽകിയാണ് ജെറി യാത്രയായത്. ജൂലായ് 27ന് രാത്രി 9.30തോടെയാണ് മണ്ണന്തല ടി സി 10/ 1612​3 കരിമാംപ്ലാക്കൽ വീട്ടിൽ ജെറി വർഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്‌കൂട്ടറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ബൈജൂസ് ലേണിംഗ് ആപ്പിലെ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റായ ജെറി ജോലികഴിഞ്ഞ് മടങ്ങുമ്പോൾ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്‌കൂട്ടർ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. പൊലീസാണ് ജെറിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. അവയവദാനത്തെ എന്നും അനുകൂലിച്ചിരുന്നവരായിരുന്നു ജെറിയും ഭാര്യ ലിൻസിയും. ഭർത്താവ് ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പിച്ചതോടെ ജലീന മറ്റൊന്നും ആലോചിച്ചില്ല. അവയവദാനത്തിനുള്ള സന്നദ്ധത മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന സമിതി അംഗവും ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം തലവനുമായ ഡോ.എച്ച്.വി.ഈശ്വറിനെ അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ലിൻസിയുടെ തീരുമാനത്തെ അംഗീകരിച്ചു. തുടർന്ന് കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ ഏകോപനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ. സതീഷ് കുറുപ്പ്, ഡോ. ഉഷാകുമാരി. കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ. രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ. ചിത്രാ രാഘവൻ എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.