anuradha-chaudhary

ന്യൂ‍ഡൽഹി: പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെ​ഗാ ഓപ്പറേഷന്റെ ഫലമായി ഉത്തരേന്ത്യയിലെ രണ്ട് കൊടും കുറ്റവാളികൾ പൊലീസിന്റെ വലയിലായി. കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ്, റിവോൾവർ റാണി എന്നറിയ‌പ്പെടുന്ന അനുരാധ ചൗദ്ധരി എന്നിവരാണ് അറസ്റ്റിലായത്. കോൺട്രാക്ട് കില്ലിം​ഗ്, വ്യാജ മദ്യം കടത്തൽ, കവർച്ച, ഭൂമി തട്ടിയെടുക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രതിയാണ് ജേഠേഡിയെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഡൽഹി-ഹരിയാന പൊലീസ് ആറു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇയാളെ ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഹരിയാന പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിന് ശേഷം 2020 ഫെബ്രുവരി മുതൽ ജേഠേഡി ഒളിവിലായിരുന്നു. ഇയാൾക്കൊപ്പം പ്രതിയായ രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോൺ അനുരാ​ഗ ചൗദ്ധരിയും പൊലീസ് പിടിയിലായി. ഇവരെ അറസ്റ്റു ചെയ്യാൻ സഹായിക്കുന്നവർക്ക് രാജസ്ഥാൻ പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജേഠേഡിയും അനുരാധയും ദമ്പതികളെന്ന വ്യാജ ഐഡന്റിറ്റിയിൽ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ് വരികയായിരുന്നു.

ഇൻസ്പെക്ടർ വിക്രം ദഹിയ, ഇൻസ്പെക്ടർ സന്ദീപ് ദബാസ് എന്നിവരുടെ നേതൃത്വത്തിലുളള ഡൽഹിയിലെ സ്പെഷ്യൽ സെല്ലിലെ കൗണ്ടർ ഇന്റലിജൻസ് സംഘം എ.സി.പി രാഹുൽ വിക്രമിന്റെ മേൽനോട്ടത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിടിയിലായ അനുരാധയ്ക്ക് തട്ടിക്കൊണ്ട് പോകൽ, കൊളളയടിക്കൽ, ആയുധ-എക്സെെസ് നിയമ ലംഘനങ്ങൾ, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ നീണ്ട ചരിത്രമുണ്ട്.

2017 ജൂണിൽ പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച രാജസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ആനന്ദ് പാലിന്റെ അടുത്ത സഹപ്രവർത്തകയായിരുന്നു അനുരാധ. ഇവർ രാജസ്ഥാനിലെ നാഗൗർ, സിക്കാർ, ദിദ്‌വാന തുടങ്ങിയ ബിസിനസ് സമൂഹങ്ങൾക്കിടയിൽ ഭീകരതയുടെ പര്യായമാണ്. ഇരകളെ ഭയപ്പെടുത്തുന്നതിനായി തന്റെ പ്രിയപ്പെട്ട ആയുധമായ എകെ-47 അനുരാധ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

അനുരാധ രാജസ്ഥാനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വിവിധ ​ഗുണ്ടാ നേതാക്കളും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടാക്കി ജേഠാഡിയും അനുരാധയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും സംഘടിതമായി പ്രവർത്തിച്ചിരുന്നു. നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ​ഗുണ്ടാ ഭീകരതയുടെ പര്യായമായിരുന്നു ഇവരുടെ സംഘം.