ലക്നൗ: ഭക്ഷ്യയോഗ്യമായ സ്വർണം ഇന്ന് തീൻമേശയിലെ ഏറ്റവും പുതിയ താരമാണ്. ഇവ അടങ്ങിയിട്ടുളള ആഹാരങ്ങളും പാനിയങ്ങളും ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിലെ തീർമേശകളിൽ ആർഭാടത്തിന്റെ പര്യായമായിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ലക്നൗവിലെ ഡിസ്‍ലറി റസ്റ്റോറന്റിലെ വിഭവങ്ങളുടെ കൂട്ടത്തിലും ഇവ ഇടം പിടിച്ചിരിക്കുകയാണ്. ഡിസ്‍ലറിയിലെ ഹെഡ് ഷെഫ് അനസ് ഖുറേശിയാണ് ഇവിടുത്തെ 999.9 ഫെെൻ സ്വർണക്കട്ടിയുടെ സൃഷ്ടാവ്.
മധുര പലഹാരങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഈ വിഭവം കാഴ്ചയിൽ സ്വർണക്കട്ടിപോലെ തന്നെയാണ് ഉളളത്. 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം കൊണ്ട് പൊതിഞ്ഞെ, വെെറ്റ് ചോക്ക്ലേറ്റ് ബ്രൗണി ബേസോഡു കൂടിയ മാങ്കോ ചീസ് കേക്കാണിത്. ഫിലാഡെൽഫിയ ക്രീം ചീസ്, ഭക്ഷ്യയോഗ്യമായ സ്വർണം, മാൻഗോ പ്യൂരി, പഞ്ചസാര, ഹെവി ക്രീം എന്നിവ ഉപയോഗിച്ചാണ് ഈ രസകരമായ മധുരപലഹാരം നിർമിച്ചിരിക്കുന്നത്. തയ്യാറാക്കലും ശീതീകരണ സമയവും ഉൾപ്പെടെ ഈ വിഭവം നിർമിക്കാൻ ഏകദേശം 30-45 മിനിറ്റ് എടുക്കും.
സ്വർണക്കട്ടിയുടെ മാതൃക തയാറാക്കുകയായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്ന് ഷെഫ് അനസ് ഖുറേശി പറയുന്നു. വലുപ്പവും അരികുകളുടെ കട്ടിയും എല്ലാം കൃത്യമാകണം. അതിനായി നിരവധി തിരുത്തലുകളും പരീക്ഷണങ്ങളും ആവശ്യമായിവന്നു. 30 ദിവസത്തിലേറെ പരിശ്രമിച്ചിട്ടാണ് കൃത്യമായ ആകൃതി രൂപപ്പെടുത്താൻ സാധിച്ചത്. അതിനൊപ്പം ഇതിന്റെ ബേസ് ഏതു ചേരുവ കൊണ്ടു തയാറാക്കണം എന്ന ആശയക്കുഴപ്പവും ഉണ്ടായിരുന്നു. സാധാരണ ചീസ് കേക്കിൽ നിന്നു വ്യത്യസ്തമായൊരു രുചിക്കൂട്ട് ഒരുക്കാൻ ശ്രമിച്ചതിനാൽ കൂടുതൽ സമയം എടുത്തതായും അദ്ദേഹം വ്യക്തമാക്കി.
പണ്ട് സ്വർണം കടത്തിക്കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്ന പെട്ടിയെ ഓർമിപ്പിക്കുന്നതരത്തിൽ ചെറിയ മരപ്പെട്ടിക്കുളളിൽ രാമച്ചത്തിന്റെ വേരുകൾ നിരത്തി അതിനുമുകളിൽ തടികൊണ്ടുണ്ടാക്കിയ പ്ലേറ്റിലാണ് ഈ വിഭവം നിങ്ങൾക്ക് മുന്നിൽ എത്തുക. ഈ സ്വർണക്കട്ടിക്ക് 495 രൂപയാണ് വില. ഗുരുഗ്രാമിലെയും ലക്നൗവിലെയും ഡിസ്‍ലറികളിൽ വിഭവം ലഭ്യമാണ്.