മലപ്പുറം: ലോക്ക് ഡൗണിന് മുമ്പ് 1000 ചതുരശ്ര അടിയുള്ള വീട് നിർമ്മിക്കാൻ 18 ലക്ഷം രൂപ മതിയായിരുന്നെങ്കിൽ ഇപ്പോൾ 22 ലക്ഷം രൂപയിലധികം ചെലവ് വരും. ചതുരശ്ര അടിക്ക് 500 രൂപയുടെ വർദ്ധനവ്. വീടുപണി തുടങ്ങിയവർ അധികച്ചെലവ് കണ്ടെത്താൻ ലോണെടുക്കേണ്ട അവസ്ഥയിലാണ്.
സിമന്റ് വില ഉയരും
സിമന്റ് വിലയാണ് പ്രധാന വില്ലൻ. ലോക്ക് ഡൗണിന് ശേഷം ഒരു ചാക്കിന് 70 മുതൽ 80 രൂപയുടെ വർദ്ധനവുണ്ടായി. സിമന്റിന് 380 രൂപയിൽ നിന്ന് 480 രൂപയായി വർദ്ധിച്ചു.
കമ്പനികൾക്ക് അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
ട്രിപ്പിൾ ലോക്ക് ഡൗണിൽ ജില്ലയാകെ സ്തംഭിച്ച് കിടന്നപ്പോഴും സിമന്റ് വില കുതിക്കുകയായിരുന്നു. ഇക്കാലയളവിൽ മാത്രം ഒരുചാക്ക് സിമന്റിന് 20 രൂപയിലധികം വർദ്ധിച്ചു.
മുൻനിര കമ്പനികളുടെ സിമന്റ് വില ചാക്കിന് 500 രൂപ തൊട്ട അവസ്ഥയിലാണ്.
സിമന്റ് വില ഉയർന്നതോടെ ഹോളോബ്രിക്സ്, സിമന്റ് ജനൽ, വാതിൽ, കട്ടിൽ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.
ഉയർന്ന് വില
കമ്പിക്ക് കിലോയ്ക്ക് 30 രൂപ വരെ വർദ്ധിച്ചു.
പി.വി.സി പൈപ്പ്, പ്ലബിംഗ്, വയറിംഗ് വസ്തുക്കൾക്കും 25 ശതമാനം വരെ വില വർദ്ധിച്ചിട്ടുണ്ട്.
കരാറെടുത്തവർ 25 ശതമാനത്തോളം അധിക തുക വേണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് കരാറുകാർ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രവൃത്തികൾ ഏറ്റെടുത്ത ചെറുകിട കരാറുകാർ പണികൾ പൂർത്തിയാക്കാനാവാത്ത അവസ്ഥയിലാണ്.
നിർമ്മാണ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണം. അനുദിനമെന്നോളം നിർമ്മാണ സാമഗ്രികളുടെ വില ഉയരുകയാണ്. സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് കൂടി ഇത് വിലങ്ങാവുകയാണ്.
കെ. അഷ്റഫ് , ലൈസൻസ്ഡ് എൻജിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്