ccc

മലപ്പുറം: കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴയിലാണ് മൺസൂൺ കാലം. ജൂണിൽ തിമിർത്ത് പെയ്യേണ്ട മഴ പെയ്യാൻ പാടെ മറന്ന അവസ്ഥയിലാണ്. വേനലിനെ അനുസ്മരിപ്പിക്കും വിധം അനുദിനം ചൂടും ഉയരുന്നു. കരിപ്പൂരിൽ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട മഴ പോലും ഇല്ലാത്ത അപൂർവ്വ സാഹചര്യമാണിപ്പോൾ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കിൽ ജൂണിൽ മഴയിൽ 38 ശതമാനത്തിന്റെ കുറവാണുള്ളത്. 36 ശതമാനമാണ് സംസ്ഥാന ശരാശരി. മഴക്കുറവിൽ എട്ടാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് സമീപകാല മൺസൂൺ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. ജൂൺ 24 മുതൽ 30 വരെ 84 ശതമാനമാണ് മഴക്കുറവ്. ഇക്കാലയളവിൽ 152.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തിന് 23.7 മില്ലീ മീറ്ററായി കുറഞ്ഞു. തിരുവനന്തപുരം - 98 ശതമാനം,​ വയനാട് - 94,​ പാലക്കാട്- 86 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവിൽ മലപ്പുറത്തിന് മുന്നിലുള്ള മറ്റ് ജില്ലകൾ. ജില്ലയിലെ കാലാവസ്ഥനിരീക്ഷണ വകുപ്പിന്റെ പൊന്നാനി, നിലമ്പൂർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിപ്പൂർ എന്നിവിടങ്ങളിലെ മഴമാപിനികളിൽ ഇന്നലെ മഴയൊന്നും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമായി ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറയുകയും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ കനക്കുകയുമാണ് ചെയ്യാറുള്ളത്. ഇങ്ങനെ ലഭിക്കുന്ന അതിതീവ്ര മഴയാണ് പ്രളയ സാദ്ധ്യത കൂട്ടുന്നത്.

ജൂൺ മാസത്തെ മഴ

ജില്ല ലഭിച്ച മഴ - പ്രതീക്ഷിച്ച മഴ - വ്യത്യാസം
മലപ്പുറം - 386.1 - 621.3 - 38
തിരുവനന്തപുരം - 140.8 - 313.3 - 55
കൊല്ലം - 261 - 420 - 38
പത്തനംതിട്ട - 397.4 - 506.7 - 22
ആലപ്പുഴ - 315.6 - 556.5 - 43
കോട്ടയം - 543.9 - 615 - 12
ഇടുക്കി - 556.4 - 751.8 - 26
എറണാകുളം - 455.7 - 668.9 - 32
തൃശൂർ - 406.8 - 724.1 - 44
പാലക്കാട് - 226.8 - 455.7 - 50
കോഴിക്കോട് - 527.9 - 861 - 39
വയനാട് - 399.3 - 665.9 - 40
കണ്ണൂർ - 455.7 - 668.9 - 32
കാസർകോട് - 600 - 1008.8 - 41

ജൂലൈ ഏഴിന് ശേഷമേ മൺസൂൺ ശക്തിപ്പെടൂ. വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.

കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ