കൊവിഡ് നിയന്ത്രണങ്ങളുടെ ഇളവുകൾക്കിടയിലും കട്ടപ്പുറത്ത് ഇരിക്കാനാണ് സ്വകാര്യ ബസുകളുടെ വിധി. രണ്ടാംതരംഗം പത്തി താഴ്ത്തിയതോടെ ബസ് സർവീസുകൾ തുടങ്ങാൻ സർക്കാർ പച്ചക്കൊടി വീശിയെങ്കിലും യാത്രക്കാരുടെ എണ്ണം തീരെക്കുറഞ്ഞതോടെ സ്വകാര്യ ബസുകൾ മിക്കതും പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കുകയാണ്. മലപ്പുറത്തെ 1,600 സ്വകാര്യ ബസുകളിൽ ഓടുന്നത് നാലിലൊന്ന് മാത്രം. കൊവിഡ് പേടിയിൽ മിക്കവരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് തിരിച്ചടി. ദിവസം മുഴുവൻ ഓടിയിട്ടും ഡീസൽ കാശു പോലും ലഭിക്കാത്ത മുൻഅനുഭവങ്ങൾ ബസുകൾ നിരത്തിലിറക്കുന്നതിൽ നിന്ന് ഉടമകളെ പിന്നോട്ടു വലിക്കുന്നുണ്ട്. കൊവിഡിന് പിന്നാലെ യാത്രക്കാർ ബസുകളെ കൈവെടിഞ്ഞതോടെ കടക്കെണിയിലാണ് ബസ് ഉടമകളിൽ നല്ലൊരുപങ്കും. ലോക്ക് ഡൗണിൽ നിറുത്തിയിട്ട ബസുകളുടെ ബാറ്ററി, ടയർ, എൻജിൻ ഓയിൽ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കേണ്ടതുണ്ട്. ബസുകൾ നിറുത്തിയിട്ടതിനാൽ ബാറ്ററി ലീക്കാവാനും ടയറുകൾ കേടുവരാനും സാദ്ധ്യതയേറെയാണ്. ഇതിനൊപ്പം എൻജിൻ, ഗിയർബോക്സ് എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കണം. വലിയ സാമ്പത്തിക ഭാരം പേറിയാണ് വീണ്ടും ബസ് സർവീസുകൾക്ക് തുടക്കമിട്ടത്. പേര് ബസ് മുതലാളി എന്നാണെങ്കിലും ബസ് സർവീസ് മേഖലയ്ക്ക് പലവട്ടം ട്രിപ്പിൾ പൂട്ട് വീണതോടെ തൊഴിലാളിയേക്കാൾ കഷ്ടമാണ് തങ്ങളുടെ അവസ്ഥയെന്നാണ് ഇവർ പറയുന്നത്. മറ്റ് ജില്ലകളിൽ നിന്ന് വിഭിന്നമായി സാധാരണക്കാരായ പ്രവാസികളും ലോണെടുത്തും മറ്റും സ്വയംതൊഴിൽ തേടുന്നവരുമാണ് മലപ്പുറത്തെ ബസ് ഉടമകളിൽ ഭൂരിഭാഗവും. വൻകിടക്കാരുടെ സർവീസുകൾ തീർത്തും നാമമാത്രം. കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസുകൾ കുറവായതിനാൽ സ്വകാര്യ ബസുകളാണ് മലപ്പുറത്തെ പൊതുഗതാഗത സംവിധാനത്തിന് കരുത്തേകുന്നത്.
പ്രതിസന്ധിച്ചുഴിയിൽ
യാത്രക്കാർ തീരെ കുറഞ്ഞതിനൊപ്പം ഉയർന്ന ഡീസൽ വിലയും ബസ് സർവീസുകൾക്ക് വെല്ലുവിളിയാണ്. കൊവിഡിന് മുമ്പ് ഡീസലിന് ലിറ്ററിന് 64 രൂപയായിരുന്നത് ഇപ്പോൾ 94 രൂപ പിന്നിട്ടു. ഒരു ദിവസം 200 കിലോമീറ്റർ ഓടുന്ന ബസിന് ഡീസൽ ഇനത്തിൽ മാത്രം 6,000 രൂപയോളം ചെലവാകും. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് കൂലി നൽകാനോ ബസിന്റെ അറ്റകുറ്റപണികൾക്കോ ടിക്കറ്റ് കളക്ഷൻ തികയുന്നില്ല. കൊവിഡിന് മുമ്പ് 15,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകൾക്ക് 3,000 രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണ്.
പ്രാദേശിക റൂട്ടികളിലോടുന്ന ബസിൽ ശരാശരി മൂന്നുപേരും ദീർഘദൂര ബസുകളാണെങ്കിൽ നാലുപേരും ജീവനക്കാരായുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ തൊഴിലാളികൾ റൊട്ടേഷൻ വ്യവസ്ഥയിൽ മാറും. ഇങ്ങനെ നോക്കിയാൽ ഒരു ബസിൽ ഒരുമാസം എട്ടുപേർ ജോലി ചെയ്യുന്നുണ്ട്. ഫലത്തിൽ പതിനായിരത്തോളം പേർക്ക് നേരിട്ട് ജോലി ലഭിക്കുന്ന മേഖലയായിരുന്നു ഇത്. കൊവിഡിന് മുമ്പ് സാമാന്യം നല്ല ടിക്കറ്റ് കളക്ഷൻ തന്നെ മിക്ക ബസുകൾക്കും ലഭിച്ചിരുന്നു. ഡീസൽ വില അനിയന്ത്രിതമായി ഉയരുന്നതിന് മുമ്പ് ബസ് മേഖല കൂടുതൽ ലാഭകരമായാണ് മുന്നോട്ടു പോയിരുന്നത്. തൊഴിലാളികളുടെ ബത്ത കിഴിച്ചാലും രണ്ടായിരം രൂപ മുതൽ എല്ലാ ചിലവും കിഴിച്ച് ഉടമയ്ക്ക് കിട്ടും. ഇന്ധന വില വർദ്ധനവിന് പിന്നാലെ അധിക ചെലവ് വന്നതോടെ ജീവനക്കാരുടെ എണ്ണം നാലിൽനിന്ന് മൂന്നായി കുറഞ്ഞു. മൂന്ന് പേരുണ്ടായിരുന്ന ബസുകളിൽ രണ്ടുപേരും. പല ബസുകളിലും ഉടമകൾ തന്നെ ജീവനക്കാരായി. പ്രതാപകാലം മങ്ങുന്നതിന്റെ വേഗത കൂട്ടുകയായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങൾ. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ആദ്യം ബ്രേക്ക് വീണതും ബസ് മേഖലയ്ക്കാണ്. ബസുകൾ മാസങ്ങളോളം കട്ടപ്പുറത്തിരുന്നപ്പോൾ പ്രതിസന്ധിയുടെ കയത്തിലേക്ക് വീണത് പതിനായിരത്തോളം കുടുംബങ്ങൾ കൂടിയാണ്.
ഒന്നിനും തികയുന്നില്ല
വർഷങ്ങളായി ബസ് മേഖലയിൽ മാത്രം തൊഴിൽ ചെയ്യുന്നവരാണ് ഈ മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും. മറ്റ് ജോലികൾ ചെയ്യാൻ ഇവർക്കറിയില്ല. കൊവിഡിൽ മാസങ്ങളോളം ബസ് സർവീസ് മേഖല സ്തംഭിച്ചതോടെ പലരും പട്ടിണിയുടെ വക്കിലായിരുന്നു. ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ബസ് സർവീസുകൾ തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ ഇപ്പോൾ കടുത്ത നിരാശയിലാണ്. കൊവിഡ് പേടിയിൽ യാത്രക്കാർ ബസുകളെ കൈവെടിഞ്ഞതോടെ രാവന്തിയോളം ജോലി ചെയ്താലും തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. 200 മുതൽ 300 രൂപ വരെ. ടിക്കറ്റ് വരുമാനത്തിൽ നിന്ന് ഡീസൽ ചെലവ് കുറച്ച ശേഷം വരുന്ന തുക തൊഴിലാളികൾ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. പല ബസ് ഉടമകൾക്കും ഒന്നും കിട്ടാത്ത അവസ്ഥയാണ്. ബസുകൾ ഓടാതെ കിടന്നാൽ ടയർ, എഞ്ചിൻ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നതും സ്ഥിരമായി സർവീസ് നടത്തിയാൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന പ്രതീക്ഷയുമാണ് ഉടമകളെ സർവീസ് തുടരാൻ പ്രേരിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ കൂട്ടത്തകർച്ചയെ നേരിടുന്ന സ്വകാര്യ ബസ് വ്യവസായം കരകയറാനാവാത്ത സ്ഥിതിയിലാണിപ്പോൾ. മഹാമാരിക്കാലത്തെ വലിയ പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് ബസുടമകളും,തൊഴിലാളികളും. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ഏറെക്കാലം കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറങ്ങി തുടങ്ങിയതോടെ വലിയ ആശ്വാസത്തിലായിരുന്നു തൊഴിലാളികൾ. എന്നാൽ രണ്ടാംതരംഗം പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. ആളൊഴിഞ്ഞ ബസുകൾ ഇനി എത്രനാൾ നിരത്തിലിറക്കാൻ കഴിയുമെന്ന ചോദ്യ ചിഹ്നമാണ് ഉടമകളുടെയും തൊഴിലാളികളുടെയും മുന്നിലുള്ളത്.