മലപ്പുറം: കോവിഡാനന്തര ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടർമാരിൽ നിന്നും ഓൺലൈനായി യോഗ സൗജന്യമായി പരിശീലിച്ചെടുക്കാവുന്ന യോഗാമൃത പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. കൊവിഡിനു ശേഷം നിലനിൽക്കുന്ന അസ്വസ്ഥതകൾ പരിഹരിക്കാനുതകുന്ന രീതിയിൽ ലളിതമായ ചര്യകളെ ഏകോപിപ്പിച്ചാണ് പദ്ധതിയാരംഭിക്കുന്നത്. കോട്ടയ്ക്കൽ ആയുർവേദ കോളജ്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ശിൽപശാലയിലാണ് യോഗാമൃതത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
പദ്ധതിയിൽ ചേരുന്നവർക്ക് യോഗാക്രമങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ലഘു പുസ്തകം പി.ഡി.എഫ് രൂപത്തിൽ അയച്ചു നൽകും. ലഘു പുസ്തകം ലഭിക്കുന്നതിന് ജില്ലയിലുള്ളവർ 7034450570 നമ്പറിൽ വാട്സ് ആപ്പ് വഴി ബന്ധപ്പെണമെന്ന് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ (ഐ.എസ്.എം) ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.