മലപ്പുറം: നേന്ത്രയ്ക്ക് 30 രൂപ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ 80 ശതമാനം വാഴ കർഷകരും രജിസ്റ്റർ ചെയ്യാത്തതിനാൽ നേരിട്ടത് കനത്ത നഷ്ടം. ഒരാഴ്ച്ചയ്ക്കിടെ നേന്ത്രവില ഉയർന്നെങ്കിലും ഒരുമാസത്തിലധികമായി വില കുത്തനെ ഇടിഞ്ഞിരുന്നു. 20 രൂപയിൽ താഴെയായിരുന്നു മൊത്തവിതരണ വില. താങ്ങുവിലയ്ക്ക് രജിസ്റ്റർ ചെയ്യാത്തതിനാൽ വില കുത്തനെ ഇടിയുമ്പോഴുണ്ടാവുന്ന നഷ്ടം സഹിക്കുകയല്ലാതെ മറ്റു വഴികളില്ല. നേരത്തെ രജിസ്റ്റർ ചെയ്യാത്തതിനാൽ ആനുകൂല്യങ്ങളും ലഭിക്കില്ല. രജിസ്റ്റർ ചെയ്ത കർഷകരുടെ വിളകൾ വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴി സംഭരിക്കും. വിപണിവില ഓരോ ഉത്പന്നത്തിനും നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ താഴെ പോവുമ്പോൾ സംഭരണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് നൽകുന്നതാണ് പദ്ധതി. കർഷകർക്ക് ഏറെ ആശ്വാസമേകുന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തതാണ് തിരിച്ചടിയായത്.
ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷി ഇറക്കിയവർ മുടക്കുമുതൽ പോലും കിട്ടാതെ നഷ്ടത്തിലായി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ ആവശ്യക്കാരും കയറ്റുമതിയും കുറഞ്ഞതാണ് വില കുത്തനെ ഇടിയാൻ കാരണം. ബേക്കറികളിലേക്ക് ചിപ്സുണ്ടാക്കാനും വലിയതോതിൽ നേന്ത്രകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇതും കുറഞ്ഞു. സ്വാശ്രയ കർഷക സമിതികളിലും നേന്ത്രക്കുലകൾ കെട്ടിക്കിടക്കുന്നു. ജില്ലയിലെ പ്രാദേശിക മാർക്കറ്റുകൾക്ക് പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലേക്കാണ് നേന്ത്രകൾ കൂടുതലായി കയറ്റിപ്പോവുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതും ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതുമാണ് ഇപ്പോൾ വില കൂടാൻ കാരണം.
നഷ്ടം, പിന്നാലെ ആശ്വാസം
ശരാശരി 10 കിലോ തൂക്കമുള്ള നേന്ത്രക്കുലകളാണ് ഇപ്പോഴുള്ളത്. കിലോയ്ക്ക് 28 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ മുന്നോട്ടുപോവാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. ഒരുവാഴയ്ക്ക് ഏകദേശം 200 രൂപയോളം ചെലവ് വരുന്നുണ്ട്. ഇന്നലെ മഞ്ചേരി മൊത്ത വിതരണ മാർക്കറ്റിൽ കിലോയ്ക്ക് 30 രൂപയായിരുന്നു വില. ചില്ലറ വില 40 രൂപയും. ഒരാഴ്ച മുമ്പ് ചില്ലറ വില 25 രൂപയായിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് 25 രൂപ നിരക്കിൽ നേന്ത്രയെത്തുന്നത് കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴിക്കോട് ചാല മാർക്കറ്റിൽ 40 രൂപയാണ് കിലോയ്ക്ക് മൊത്തവില. സംസ്ഥാനത്ത് ഉയർന്ന വില ലഭിച്ചതും ചാലയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഴ കർഷകരുള്ള ജില്ലയാണ് മലപ്പുറം. ഇതിൽ തന്നെ ചാലിയാർ പഞ്ചായത്താണ് സംസ്ഥാനത്ത് തന്നെ മുന്നിൽ. ടൗക്‌തേചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും മാത്രം 200 ഹെക്ടറിലെ വാഴകളാണ് നശിച്ചത്. 33 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. 3,092 കർഷകർ കടക്കെണിയിലുമായി. ഇതിന് പുറമെ വരൾച്ചയിൽ രണ്ട് ലക്ഷത്തിലധികം വാഴകൾ നശിച്ചു. ഇതിനു പിന്നാലെയാണ് ഒരുമാസത്തിലധികം വില കുത്തനെ താഴ്ന്നതും.
20 ശതമാനം നേന്ത്രകർഷകർ മാത്രമാണ് ജില്ലയിൽ താങ്ങുവിലയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേർന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. കർഷകർ രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാനാവും.
കൃഷി വകുപ്പ് അധികൃതർ