മലപ്പുറം: ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലും രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിന് കൂടുതലുമായതിനാൽ രോഗവ്യാപനം തടയാൻ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. കൈകഴുകൽ, മാസ്‌ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ തുടങ്ങി എല്ലാ ശീലങ്ങളും കർശനമായി പാലിക്കണം. രോഗികളുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സാഹചര്യങ്ങൾ മൂലം രോഗം ബാധിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവർ കൃത്യമായി ക്വാറന്റൈൻ പാലിക്കണം.