dogo
മണ്ണാർമലയിൽ അജ്ഞാതജീവി പാതി ഭക്ഷിച്ചനിലയിൽ കണ്ടെത്തിയ നായ

പെരിന്തൽമണ്ണ: വർഷങ്ങൾക്ക് മുമ്പ് പുലിയെ പിടികൂടിയ മണ്ണാർമലയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് കാവൽനായ്ക്കൾ ചത്തനിലയിൽ. ഒരു നായയുടെ മൃതദേഹം പാതി ഭക്ഷിച്ച് ആന്തരികാവയവങ്ങൾ പുറത്തേക്ക് കാണുന്ന സ്ഥിതിയിലാണ്. വേറൊരു നായയെ ഇതേ പ്രദേശത്ത് തന്നെ മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ഭക്ഷിച്ചിട്ടില്ല.
മണ്ണാർമല പള്ളിപ്പടി ചേരിങ്ങൽ പ്രദേശത്തെ വനം വകുപ്പ് ഓഫീസിന് ഒരു കിലോമീറ്റർ അകലെ മലയിൽ വ്യാഴാഴ്ചയാണ് നായയെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ മേയാൻ വിടുന്ന പോത്തുകൾക്ക് കാവൽ നിൽക്കുന്ന നായ്ക്കളാണിവ. സംഭവമറിഞ്ഞതോടെ പ്രദേശവാസികളിൽ പഴയ പുലിഭീതി ഉണർന്നിരിക്കുകയാണ്.
അതേസമയം പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കഴിഞ്ഞവർഷം ഈ പ്രദേശത്ത് നടന്ന പരിശോധനയിൽ പൂച്ചപ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.