അരീക്കോട് : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നലെ പഞ്ചായത്തിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജാഗ്രതാ നിർദ്ദേശം അറിയിച്ച് വാർഡുകൾ തോറും അനൗൺസ്‌മെന്റ് നടത്താനും പഞ്ചായത്തിലെ വീടുകളിൽ ബോധവത്കരണ നോട്ടീസുകൾ നൽകാനും തീരുമാനമെടുത്തു. നിലവിൽ അരീക്കോട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ ടി.പി.ആർ നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. മൂന്ന് പഞ്ചായത്തുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.