ടി.പി.ആർ 13 ശതമാനത്തിന് മുകളിൽ
അരീക്കോട്: സമ്പൂർണ്ണ ലോക്ക് ഡൗണായ ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം നഗരങ്ങളിൽ വലിയ ജനത്തിരക്ക്. ഇളവ് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജനമൊന്നടങ്കം പുറത്തിറങ്ങുന്നതാണ് തിരക്ക് കൂടാൻ കാരണം. തിങ്കളാഴ്ച എല്ലാ കടകളും തുറക്കുന്ന മുറയ്ക്ക് വലിയ തിരക്കാണ്. ഇത്തരത്തിൽ ആളുകൾ കൂടുന്നത് ടി.പി.ആർ നിരക്ക് വർദ്ധിക്കാനും കാരണമാകുന്നു.
മലപ്പുറം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. മൊബൈൽ ഫോൺ, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഒരാഴ്ചയായി ജനക്കൂട്ടമെത്തുന്നുണ്ട്. ഓൺലൈൻ ക്ലാസ് കാരണം പഴയ മൊബൈൽ ഫോൺ റിപ്പയർ ചെയ്ത് കുട്ടികൾക്ക് നൽകാനും മറ്റുമായാണ് ആളുകൾ കൂടുതലായും മൈബൈൽ കടകളിലേക്ക് വരുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ മൊബൈൽ കടകൾ തുറക്കൂ. ജീവനക്കാർക്ക് അന്നുതന്നെ ഫോൺ റിപ്പയർ ചെയ്ത് കൊടുക്കാൻ സാധിക്കുന്നില്ല. സ്പെയർ പാർട്സ് ലഭ്യതക്കുറവും പ്രശ്നമാണ്. വലിയ പെരുന്നാൾ അനുബന്ധിച്ച് വസ്ത്ര സ്ഥാപനങ്ങളിലും തിരക്കുണ്ട്. ചെറിയ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കലും പേരിലൊതുങ്ങും. മറ്റു സ്ഥാപനങ്ങളിലും സമാന സ്ഥിതിയാണ്.
റോഡുകളിൽ വാഹനത്തിരക്കും കൂടുതലാണ്. മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബാറുകൾക്കും വിദേശമദ്യ വില്പന ശാലകൾക്കും മുമ്പിൽ വലിയ വരിയാണ് രൂപപ്പെടുന്നത്. ലോക്ക് ഡൗണിന് ശേഷം നിശ്ചിത ദിവസങ്ങളിൽ മാത്രമായി ഇളവ് നൽകിയത് സാമൂഹിക അകലം പാലിക്കാനാകാതെ രോഗ വ്യാപനം കൂടാൻ സാഹചര്യമാകുമെന്ന വാദവും ഉയരുന്നുണ്ട്.
സമ്പൂർണ ലോക്ക് ഡൗണിൽ ടി.പി.ആർ നിരക്ക് വലിയ രീതിയിൽ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് മൂന്നുതവണ നിരക്ക് പത്തിൽ താഴുകയും ചെയ്തു. ഇപ്പോൾ നിശ്ചിത ദിവസങ്ങളിലായി നൽകിയ ഇളവ് ആശങ്കാജനകമാണ്. ജില്ലയിൽ ടി.പി.ആർ 13 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയും മലപ്പുറമാണ്. 106 തദ്ദേശ സ്ഥാപനങ്ങളിൽ 32ഉം ഡി കാറ്റഗറിയിലാണ്.
നിയന്ത്രണം പാലിച്ചില്ലെങ്കിൽ രണ്ടാഴ്ച കൊണ്ട് രോഗികളുടെ എണ്ണം കൂടുമെന്ന് കരുതിയിരുന്നു. ഇപ്പോളത് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് ഇറങ്ങുന്ന അവസ്ഥയുണ്ട്. ബൈക്കിൽ മൂന്ന് പേരൊക്കെയാണ് യാത്ര ചെയ്യുന്നത്. പലരും മാസ്‌ക് ധരിക്കുന്നില്ല. കാറിൽ എ.സി ഓൺ ചെയ്ത് യാത്ര ചെയ്യുന്നവരും ഉണ്ട്. ഇതെല്ലാം ഒഴിവാക്കണം. ജനം അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ.
-ഡോ.കെ.സക്കീന, ഡി.എം.ഒ
ദിവസം ടി.പി.ആർ നിരക്ക് രോഗികൾ
ജൂലായ് 5 11.18% 894
6 13. 50% 2110
7 12. 04 % 2052
8 13. 76 % 1981
9 13. 09 % 1962