p-k-warrier

മലപ്പുറം: 35 വർഷം മുമ്പാണ് ചികിത്സയുടെ ഭാഗമായി ഡോ. പി.കെ. വാര്യരെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്നുതൊട്ട് വലിയ സൗഹൃദവും ബന്ധവും പുലർത്തിപ്പോന്നു. അദ്ദേഹത്തെ കാണുമ്പോഴൊക്കെ താരാശങ്കർ ബാനർജിയുടെ 'ആരോഗ്യനികേതനി"ലെ ജീവൻ മശായിയാണ് ഓർമ്മ വരിക. ഓരോ തവണ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോഴും മനസ്സിൽ നിറയുന്ന ആശ്വാസം വലുതാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് പി.കെ. വാര്യരുടെ ചികിത്സാരീതി. അടുക്കും ചിട്ടയുമുള്ള അദ്ദേഹത്തിന്റെ ജീവിതക്രമം ആദരവോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. ചികിത്സ മാത്രമല്ല, ആയുർവേദത്തിന്റെ സംസ്‌കാരം തന്നെ വീണ്ടെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹാനാണ് പി.കെ. വാര്യർ.

ആര്യവൈദ്യശാല സ്ഥാപകനും അമ്മാവനുമായ പി.എസ്. വാര്യരുടെ ജീവിതം അദ്ദേഹത്തെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രം നിഷ്‌കർഷിക്കുന്ന രീതി കൃത്യമായി അനുവർത്തിച്ചുള്ള പ്രവർത്തനമാണ് ആര്യവൈദ്യശാലയുടെ അമ്പരപ്പിക്കുന്ന വളർച്ചയ്ക്ക് പിന്നിൽ. താൻ പഠിച്ചതിനും പരിശീലിച്ചതിനും അപ്പുറം ജ്ഞാന വിജ്ഞാനങ്ങളുടെ കലവറ തന്നെയുണ്ടെന്ന വ്യക്തമായ ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റു മേഖലകളിലെ പുതിയ അറിവുകളെ പുച്ഛത്തോടെ കാണാൻ അദ്ദേഹം തയ്യാറായില്ല. വൈദ്യശാസ്ത്ര മേഖലയ്ക്കൊപ്പം സാമൂഹികമായ പ്രവർത്തനങ്ങളിലും അവസാന കാലം വരെ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.