p-k-warrier

കോട്ടയ്ക്കൽ: ഏഴ് പതിറ്റാണ്ടിലധികം ചികിത്സാരംഗത്തുണ്ടായിട്ടും അവസാന ശ്വാസം വരെ കൺസൾട്ടേഷന് ഒരു രൂപ പോലും പി.കെ.വാര്യർ ഫീസായി വാങ്ങിയിട്ടില്ല. വൈദ്യം ജീവിത മാർഗ്ഗമല്ല,​ നിയോഗമാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു ഈ മഹാമനീഷി. രോഗിയുടെ വലിപ്പച്ചെറുപ്പം അദ്ദേഹത്തെ ബാധിച്ചതേയില്ല. മുൻ ഇന്ത്യൻ പ്രസി‌ഡന്റ് മുതൽ തീർത്തും സാധാരണക്കാർ വരെ ഒരുപോലെ ആ സ്നേഹസ്പർശമറിഞ്ഞു. ഒട്ടും തിരക്കില്ലാതെ മുന്നിലിരിക്കുന്നയാൾ പറയുന്നതെല്ലാം കേട്ട് ആശ്വസിപ്പിച്ച ശേഷമാവും മരുന്ന് കുറിക്കുക. രോഗിയുടെ മനസ്സറിഞ്ഞുള്ള ചികിത്സ വേണമെന്ന നിബന്ധന അദ്ദേഹത്തിനുണ്ടായിരുന്നു. രോഗികളുടെ തിരക്ക് മൂലം വാര്യരുടെ കൺസൾട്ടേഷൻ കിട്ടാൻ സമയമെടുക്കുമെങ്കിലും കാത്തിരിക്കാൻ രോഗികൾ തയ്യാറായിരുന്നു. ഭേദമാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ രോഗം പോലും വാര്യർക്ക് മുന്നിൽ കീഴടങ്ങി.

കോടീശ്വരനും ഫീസ് വേണ്ട

മുംബൈയിലെ കോടീശ്വരനിൽ നിന്ന് പോലും ഫീസ് വാങ്ങാത്ത അനുഭവം പങ്കുവയ്ക്കുകയാണ് പി.കെ.വാര്യരുടെ അനന്തരവനായ ഡോ.പി.എം.വാര്യർ.- ഒട്ടേറെ യാത്രകളിൽ കുട്ടിമ്മാന്റെ ഒപ്പം പോവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ ഒരു മീറ്റിംഗിനായി ഞങ്ങൾ ഒരുമിച്ച് പോവുകയായിരുന്നു. പഴയകാലത്ത് മുംബൈയിൽ പോയി അവിടെ നിന്ന് മറ്റൊരു ഫ്ലൈറ്റിൽ വേണം ഡൽഹിയിലേക്ക് പോവാൻ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മംബെയിൽ കുട്ടിമ്മാന് പ്രമുഖ വ്യവസായിയായ ഒരു രോഗിയെ പരിശോധിക്കണം. രോഗിയുടെ വസതിയിലെത്തി പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ വ്യവസായിയുടെ സെക്രട്ടറി രണ്ട് കവറുകൾ എന്നെ ഏൽപ്പിച്ചു. കൺസൾട്ടേഷൻ ഫീ ആണെന്നായിരുന്നു മറുപടി. അദ്ദേഹം ആരിൽ നിന്നും ഫീസ് വാങ്ങിക്കാറില്ലെന്ന് മറുപടി നൽകി കവ‌ർ നിരസിച്ചു. സെക്രട്ടറിയും ഞങ്ങളുടെ കൂടെ എയർപോർട്ടിലേക്കെത്തി. എന്റെ രണ്ട് കൈകളിലും ഓരോ ബാഗുണ്ട്. യാത്ര പറയുമ്പോൾ സെക്രട്ടറി എന്റെ പോക്കറ്റിൽ രണ്ട് കവറുകളും നിക്ഷേപിച്ച് പെട്ടെന്ന് സ്ഥലം വിട്ടു. ഞങ്ങൾ ഡൽഹിയിലെത്തി. സെക്രട്ടറി ഒപ്പിച്ച പണി കുട്ടിമ്മാനോട് പറഞ്ഞു. കവറുകളിലുള്ള സംഖ്യ അദ്ദേഹത്തിന്റെ പേഴ്സണൽ അക്കൗണ്ടിൽ വരവ് വയ്ക്കുക. തുടർ ചികിത്സയ്ക്കായി കോട്ടയ്ക്കലെത്തുമ്പോഴുള്ള അഡ്വാൻസ് തുകയായി കണക്കാക്കാം. ഇപ്പോൾ ഈ തുക തിരിച്ചയക്കുന്നത് ഭംഗിയല്ലെന്ന് കൂടി കുട്ടിമ്മാൻ പറഞ്ഞു. ഈ വ്യവസായി പിന്നീട് ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കെത്തിയിരുന്നു.