kok

കുറ്റിപ്പുറം: അപൂർവ്വവും വ്യത്യസ്ത ഇനത്തിലുംപെട്ട നിരവധി പക്ഷികളുടെ ആവാസമേഖലയായി മാറുകയാണ് തിരുന്നാവായയിലെ പല്ലാർ പ്രദേശം. നിരവധി പക്ഷികളാണ് ഇവിടങ്ങളിൽ കൂട് വച്ച് മുട്ടയിടുന്നത്. ഇവയെ കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനുമായി നിരവധി പേരും ഇവിടെ എത്തുന്നുണ്ട്. ഓപ്പൺ ബിൽ സ്റ്റോർക്ക് (ചേരാ കൊക്കൻ)​ ചിന്നമുണ്ടി,​ ചെറുമുണ്ടി,​ പെരുമുണ്ടി,​ മഴക്കാച്ച,​ താമരക്കോഴി,​നീലക്കോഴി,​ ചേരാക്കോഴി,​ കുളക്കോഴി,​ നീർ കാക്ക,​ തിത്തിരിപ്പക്ഷി,​ പാതിരാ കൊക്ക്,​ കുളകൊക്ക്,​ എരണ്ട,​ നീർക്കാട തുടങ്ങി നിരവധി പക്ഷികളെ വിവിധ സമയങ്ങളിലായി ഇവിടങ്ങളിൽ കാണാൻ കഴിയും. ഇതിൽ ഓപ്പൺ ബിൽ സ്റ്റോർക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ കൂട് വച്ച് കാണുന്നത് ഇവിടെയാണ്. അഞ്ഞൂറോളം കൂടുകളാണ് ഈ വർഷം ഇവിടെ കാണാൻ കഴിഞ്ഞിട്ടുള്ളത്.


ജനവാസം കുറഞ്ഞ മേഖലയാണെന്നതും ഭക്ഷ്യലഭ്യതയുമാണ് പക്ഷികൾ കൂട്ടത്തോടെ വാസസ്ഥലമൊരുക്കാനുള്ള കാരണം. ഏക്കർ കണക്കിന് സ്ഥലത്താണ് ഇവിടെ താമര കൃഷി നടക്കുന്നത്. കൂടാതെ ചമ്രവട്ടം പദ്ധതി വന്നതും പുഴയിലെ വെള്ളക്കെട്ടും ഇവർക്ക് ഇവിടം സ്ഥിരതാമസമാക്കാൻ കാരണമായി. ഇതിൽ പല പക്ഷികളും ജൂൺ, ജൂലൈ മാസങ്ങളോടെ കൂടൊരുക്കി തുടങ്ങും. ഈ സമയത്ത് ഇവർക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇതിന് വേണ്ടി വനം വകുപ്പ് ജീവനക്കാരനെ നിയമിച്ചിട്ടുമുണ്ട്. ഇവർ നിത്യവും
ഇവിടെ നിരീക്ഷിക്കുന്നുണ്ട്.

വർഷം മുഴുവനും വെള്ളകെട്ടുള്ള ഇവിടങ്ങളിൽ അട്ട, പാമ്പ് പോലുള്ള ജലജീവികളും കൃഷിക്ക് ഉപദ്രവകാരികളായ പല കീടാണുക്കളും പെരുകുന്നത് ഒരു പരിധി വരെ തടയാനും പക്ഷികളുടെ സാന്നിദ്ധ്യം കാരണമായിട്ടുണ്ട്. ഇത് കർഷകർക്ക് വലിയ ആശ്വാസമാണ്.എന്നാൽ നിർദ്ധിഷ്ട് സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത് ഇവയുടെ കൂടുകൾക്ക് സമീപമാണ് ഇതോടെ പല പക്ഷികളും വംശനാശം നേരിടാൻ സാദ്ധ്യത ഉണ്ടെന്നാണ് അധ്യാപകനും പക്ഷി നിരീക്ഷകനും പ്രദേശവാസിയുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു.