പെരിന്തൽമണ്ണ: വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമലയിൽ പുലിയെ കണ്ടതായി അഭ്യൂഹം. പള്ളിപ്പടി മദീന റോഡിൽ കോലോത്ത് ചാള കോളനിക്ക് അടുത്തായാണ് ഞായറാഴ്ച രാത്രി പത്തിന് പുലിയെ കണ്ടതായി പറയപ്പെടുന്നത്. പുത്തനങ്ങാടി സ്വദേശിയായ യുവാവ് ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവേ റോഡിന് കുറുകെ പുലി ഓടിയെന്ന് പറയുന്നു. പരിഭ്രാന്തനായതോടെ ബൈക്ക് മറിഞ്ഞു. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികൾ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം രണ്ട് കാവൽനായ്ക്കളെ കടിച്ച് കൊന്നത് പുലിയാകാമെന്ന സംശയത്തിൽ ഈ പ്രദേശത്തിന് കിലോമീറ്റർ അടുത്തായി മലമുകളിൽ കെണിക്കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഒരു ജീവിയും കുടുങ്ങിയിരുന്നില്ല. പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ കാമറകൾ
സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.