പെരിന്തൽമണ്ണ: പൂക്കാട്ടിരി എടയൂർ അത്തിപ്പറ്റപടിയിലെ ആളൊഴിഞ്ഞ പറമ്പിലെ 20 അടിയോളം താഴ്ചയുള്ള ഉപയോഗ്യശൂന്യമായ കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു. സമീപവാസിയായ ആൽപറ്റ നാരായണിയുടെ മുന്നൂറ് കിലോയോളം തൂക്കം വരുന്ന കറവപ്പശുവാണ് കിണറ്റിൽ വീണത്. പെരിന്തൽമണ്ണ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ സജുകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം പ്രദേശത്തെ കാട് വെട്ടിമാറ്റി. എഫ്.ആർ.ഒ എ.പി നിയാസുദ്ധീൻ കിണറ്റിലിറങ്ങി പശുവിനെ പരിക്കൊന്നുമില്ലാതെ പുറത്തെത്തിച്ചു. അര ലക്ഷത്തോളം വിലമതിക്കുന്നതാണ് പശു. സിനിയർ എഫ്.ആർ.ഒ വി അബ്ദുൾ സലിം, എഫ്.ആർ.ഒമാരായ സുജിത്ത്, ഉമ്മർ, ഹോംഗാർഡ്മാരായ വിശ്വനാഥൻ, ഗോപകുമാർ എന്നിവരടങ്ങിയ അഗ്നിശമന സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.