പൊന്നാനി: കോൾ മേഖലയിലെ ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഭാരതപ്പുഴയും ബിയ്യം കായലും സംയോജിപ്പിച്ചുള്ള പദ്ധതി തയ്യാറാകുന്നു. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിനോടു ചേർന്ന് ഭാരതപ്പുഴയിൽ നിന്ന് ബിയ്യം കായലിലേക്ക് വെള്ളമെത്തിച്ച് നൂറടി തോടു വഴി പൊന്നാനി കോൾ മേഖലയിലേക്ക് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി.പദ്ധതിയുടെ പ്രാഥമിക സർവേ പൂർത്തിയാക്കി.
ഭാരതപ്പുഴയിൽ നിന്ന് നരിപ്പറമ്പ് അതളൂർ വഴി വെള്ളം ഒഴുക്കിവിടാനാണ് ആലോചന. അതളൂരിലെ ചെറുതോടും വലിയ തോടും ഇതിനായി സജ്ജമാക്കും. ചെറുതോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ബിയ്യം കായലിലേക്കും വലിയ തോട് വഴിയുള്ള വെള്ളം മാണൂർ കായലിലേക്കും എത്തിക്കും. അതളൂർ വഴി വെള്ളം ഒഴുക്കിവിടുന്നത് സംബന്ധിച്ച സാദ്ധ്യതാപഠനം പൂർത്തിയായി.
ബിയ്യം മുതൽ തൃശൂർ ജില്ലയിലെ വെട്ടിക്കടവ് വരെ നീണ്ടുകിടക്കുന്ന പൊന്നാനി കോൾ മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന നൂറടി തോടിനെ സജീവമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. മാറഞ്ചേരി മുതൽ വെട്ടിക്കടവ് വരെ 24 കിലോമീറ്ററോളം ദൂരത്തിലുള്ള നൂറടി തോടിലേക്ക് വെള്ളമെത്തുന്നതോടെ കോൾമേഖലയിലെ ജലക്ഷാമം പൂർണ്ണമായും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി അതളൂർ മുതൽ ബിയ്യം വരെ കാലപ്പഴക്കം കാരണം കേടുപാടുകൾ സംഭവിച്ച മുഴുവൻ വിസിബികളും പുനർനിർമ്മിക്കും. തോടുകൾ തമ്മിൽ ബന്ധിപ്പിക്കാൻ പൈപ്പുകൾ ഉപയോഗപ്പെടുത്തുന്നത് ആലോചിക്കും. കൃത്യമായ ജലവിതരണ ശൃംഖല സാദ്ധ്യമാക്കും. ഭാരതപ്പുഴയിൽ നിന്ന് ബിയ്യം കായലിലേക്ക് വെള്ളമെത്താനുള്ള സാദ്ധ്യതകൾ മിക്കതും കൈയേറ്റത്തിൽ മൂടപ്പെട്ട നിലയിലാണ്. ചില ഭാഗങ്ങൾ കാടുമൂടി. ഇവ കൃത്യമായ ഒഴുക്ക് സാദ്ധ്യമാക്കുന്ന തോടുകളാക്കി മാറ്റാനായാൽ പദ്ധതി സാദ്ധ്യമാകും.
പൊന്നാനി കോൾ മേഖലയിൽ പുഞ്ചക്കൃഷിക്ക് പുറമെ മറ്റു കൃഷിരീതികളും ഇതിലൂടെ സാദ്ധ്യമാക്കാനാവും. കൃഷിയിടങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യങ്ങളിൽ കൂടുതലായുള്ള വെള്ളം തിരിച്ച് ഒഴുക്കി വിടാനുമാവും. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൽ ചോർച്ച പരിഹരിച്ച് വെള്ളം സംഭരിക്കാനാകുന്നതോടെ പദ്ധതി എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാം. ചോർച്ച പരിഹാരത്തിനുള്ള നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ അടുത്ത വേനലിനു മുൻപ് പുഴയിൽ വെള്ളം സംഭരിക്കാനാകുമെന്നാണ് കരുതുന്നത്.
ഇത് ലാഭകരം
കാഞ്ഞിരമുക്ക് പുഴയും ഭാരതപ്പുഴയും സംയോജിപ്പിച്ച് പൊന്നാനിജലസേചന സൗകര്യമൊരുക്കാനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. 22 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. കാഞ്ഞിരമുക്ക് പുഴയ്ക്ക് പകരം ബിയ്യം കായലിനെ സംയോജിപ്പിക്കുന്ന തരത്തിൽ പദ്ധതി മാറ്റിയതോടെ ചെലവ് പകുതിയായി കുറഞ്ഞു. പുതിയ പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാവുന്നതോടെ നബാർഡ്, കോൾ ലാൻഡ് കോർപറേഷൻ, കിഫ്ബി തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ഫണ്ട് കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്.
12 കോടിയാണ് ഭാരതപ്പുഴ - ബിയ്യം കായൽ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്