മലപ്പുറം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം പുനഃക്രമീകരിക്കുന്നതിന്റെ മറവിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ മന:പൂർവ്വം ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മന്ത്രിസഭാ യോഗ തീരുമാനത്തോടെ ,സച്ചാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ ഇല്ലാതാക്കി. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സർക്കാർ തീരുമാനം വഞ്ചനാപരമാണ്. സ്കോളർഷിപ്പിന്റെ പേരിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി അത് മുടക്കാനാണ് സർക്കാർ ആദ്യം മുതലേ ശ്രമിച്ചത്. സച്ചാർ കമ്മിഷനെക്കാൾ കൂടൂതൽ ആനുകൂല്യം നൽകാനാണ് പാലോളി കമ്മിറ്റി കൊണ്ടുവന്നതെന്ന് അവകാശപ്പെട്ട ഇടതുസർക്കാർ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് അവർ തന്നെ ഒരുവിഭാഗത്തിന് 80 ശതമാനം ലഭിക്കുന്നു, മറ്റൊരു വിഭാഗത്തിന് ഇരുപതേയുള്ളൂ എന്ന ചർച്ചയുണ്ടാക്കി. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നതിന് ആരും എതിരല്ല. അതിന് സച്ചാർ കമ്മിഷൻ ശുപാർശ പ്രകാരം നടപ്പാക്കിയ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.
സച്ചാർ കമ്മിറ്റി ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് നൽകുകയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ മുസ്ലിം സമുദായത്തിന് ന്യായമായും കിട്ടുന്ന ആനുകൂല്യം നിറുത്തുകയല്ല . മുസ്ലീങ്ങൾക്ക് ആനുകുല്യങ്ങൾ നൽകുന്നതിന് ഇതര സമുദായങ്ങൾ എതിരല്ല. സർക്കാരാണ് ഇവിടെ തമ്മിൽ തല്ലിക്കുന്നത്. തല തിരിഞ്ഞ രീതിയിൽ പോവുന്ന സർക്കാരിനെതിരായ പ്രതികരണവും രൂക്ഷമാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.