lllll

മലപ്പുറം: ജില്ലയുടെ മലയോരങ്ങളിൽ ഡെങ്കിപ്പനിയും എലിപ്പനിയും പിടിമുറുക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നു. മൺസൂൺ മഴയ്ക്ക് പിന്നാലെ ഇവിടങ്ങളിൽ രോഗം സ്ഥീരീകരിക്കുന്നവരുടെ എണ്ണം വലിയതോതിൽ കൂടി. ജൂലായിൽ 16 പേരെ എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് കേസുകളൊഴികെ മറ്റെല്ലാം മലയോര മേഖലകളിലാണ്. നിലമ്പൂർ,​ ചുങ്കത്തറ,​ ചാലിയാർ,​ ഊർങ്ങാട്ടിരി,​ മൂത്തേടം,​ കുഴിമണ്ണ,​ നന്നമ്പ്ര,​ തൃപ്പനച്ചി എന്നിവിടങ്ങളിലാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

മഴക്കാലത്ത് എലിപ്പനി കേസുകൾ കൂടിവരുന്നതിനാൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും തൊഴിലുറപ്പ് പ്രവർത്തകരും കൂടുതൽ ശ്രദ്ധിക്കണം. കൃഷിയിടത്തിലും ചളിവെള്ളത്തിലും മറ്റും പണിയെടുക്കുമ്പോൾ ഗ്ലൗസ്,​ ഷൂ എന്നിവ ധരിക്കണം. രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്നത് മരണത്തിന് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു. എലിമൂത്രത്തിൽ നിന്നാണ് പ്രധാനമായും എലിപ്പനി പടരുന്നതെങ്കിലും വളർത്തുമൃഗങ്ങളുടെ വിസർജ്ജ്യത്തിലൂടെയും അസുഖം പടരാം. ശരീരത്തിലെ മുറിവ്, കണ്ണ്, മൂക്ക്, വായ എന്നിവയിലെ മൃദുല ചർമ്മത്തിലൂടെയുമാണ് എലിപ്പനിയുടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്.

ലക്ഷണങ്ങൾ ഇവ
പനി, തലവേദന, കണ്ണിന് ചുവപ്പ് നിറം, ശരീരവേദന, ശക്തമായ പേശീവേദന, വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

വിടാതെ ഡെങ്കി

കഴിഞ്ഞ രണ്ടുമാസമായി ജില്ലയിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നുണ്ട്. ഈ മാസം ഇതുവരെ 88 പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 23 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. മലയോര മേഖലകളിൽ തന്നെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ച്ചയ്ക്കിടെ മാത്രം 19 പേർക്ക് ഡെങ്കി ബാധിച്ചു. അമരമ്പലം,​ വണ്ടൂർ,​ ചോക്കാട്, കരുളായി,​ വഴിക്കടവ്. തുവ്വൂർ,​ കാളികാവ്,​ കരുവാരക്കുണ്ട്,​ ആനക്കയം,​ തൃക്കലങ്ങോട്,​ പൂക്കോട്ടൂർ,​ മക്കരപ്പറമ്പ്,​ ഊരകം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. അമരമ്പലം - 6,​ കരുളായി- 4 എന്നിങ്ങനെയാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. ഡെങ്കി രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറൽ പനിയും

മൺസൂൺ രണ്ടാംമാസത്തിലേക്ക് കടക്കുമ്പോഴും വൈറൽ പനി ബാധിതരുടെ എണ്ണം കാര്യമായി കൂടിയിട്ടില്ല. ശരാശരി 300നും 400നും ഇടയിൽ പേരാണ് ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. ഒരാഴ്ചയ്ക്കിടെ 3,​656 പേർക്കാണ് വൈറൽ പനി ബാധിച്ചത്. സാധാരണഗതിയിൽ മൺസൂൺ സീസണിൽ വൈറൽ പനി ബാധിതരുടെ എണ്ണം ദിനംപ്രതി 2,​000 വരെ എത്താറുണ്ട്. കൊവിഡ‌് പേടിയിൽ സ്വയംചികിത്സ തേടുന്നതാണ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം പ്രധാനമായും കുറയ്ക്കുന്നത്.