കോട്ടയ്ക്കൽ: വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ പഠനത്തിന് പ്രയാസപ്പെട്ടിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയുടെ വീട് വൈദ്യുതീകരിച്ച് എടരിക്കോട് വാളക്കുളം എ.എൽ.പി സ്കൂൾ. കൊവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി നടത്തിയ സർവ്വേയിലാണ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത വിവരം കുട്ടിയുടെ ക്ലാസ് ടീച്ചർ കൂടിയായ പ്രധാനാദ്ധ്യാപികയുടെ ശ്രദ്ധയിൽ പതിഞ്ഞത്. വിവരം വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് അധികൃതർ തുടങ്ങിയവരെ അറിയിച്ചു. കെ.എസ്.ഇ.ബി എടരിക്കോട് സെക്ഷൻ വളരെ വേഗം വൈദ്യുതി കണക്ഷൻ നൽകി. വീട് വൈദ്യുതീകരണത്തിന്റെ മുഴുവൻ ചെലവുകളും വാളക്കുളം എ.എൽ.പി. സ്കൂൾ സ്റ്റാഫ് ഏറ്റെടുത്തു. വൈദ്യുതീകരിച്ച വീടിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസർ എടരിക്കോട് നിർവഹിച്ചു. എ.എൽ.പി സ്കൂൾ വാളക്കുളം പ്രധാനാദ്ധ്യാപിക വഹീദാ ജാസ്മിൻ, കെ.എസ്.ഇ.ബി സബ് എൻജിനീയർ എഫ്.എൻ. റജി , ഫസലുദ്ദീൻ തയ്യിൽ, ഷിനി, എ.ഇബ്രാഹീം പങ്കെടുത്തു.