മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരസ്യമായി തള്ളി മുസ്ളിം ലീഗ്. സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ലെന്നുമുള്ള സതീശന്റെ പ്രസ്താവനയാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
ഉത്തരവിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും യു.ഡി.എഫ് മുന്നോട്ടുവച്ചതാണെന്ന പ്രസ്താവന ലീഗിനെ പ്രതിരോധത്തിലുമാക്കി. ഇതോടെ രൂക്ഷ വിമർശനങ്ങളുമായി ലീഗ് നേതൃത്വം രംഗത്തെത്തിയതോടെ വിഷയത്തിൽ യു.ഡി.എഫിനുള്ളിലെ ഭിന്നത മറനീക്കി. സച്ചാർ റിപ്പോർട്ട് തള്ളുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ് യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് ലീഗിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവിനോട് യോജിക്കാനാവില്ലെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. കൂടുതൽ പഠിച്ചശേഷം അഭിപ്രായം പറയണമായിരുന്നു. യു.ഡി.എഫിന്റെയോ ലീഗിന്റെയോ നിലപാടല്ല ഇല്ല. സച്ചാർ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വേറെ പദ്ധതികളാവാം. പ്രതിപക്ഷ നേതാവിന്റെ പരാമർശം ചർച്ചയാക്കേണ്ടതില്ല.