പെരിന്തൽമണ്ണ: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധയെ വീട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പരേതനായ അഞ്ചുക്കണ്ടി തലക്കൽ മുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷയെയാണ് (73) വീട്ടിലെ ബാത്ത്റൂമിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പൊട്ടലുണ്ടായി രക്തം വാർന്ന നിലയിലായിരുന്നു. സ്ഥിരമായി ധരിക്കാറുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
പകൽ സ്വന്തം വീട്ടിൽ കഴിയുന്ന ആയിഷയെ രാത്രിയാവുമ്പോൾ പേരക്കുട്ടികളെത്തി മകന്റെ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. വെള്ളിയാഴ്ച രാത്രി 9.15ന് പേരക്കുട്ടികളെത്തിയപ്പോഴാണ് ബാത്ത്റൂമിനടുത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ മങ്കട പൊലീസ് കേസെടുത്തു. ഫോറൻസിക് സയൻസ് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പിതാവ്: മുട്ടത്തിൽ മമ്മു മുസ്ല്യാർ. മാതാവ്: എടൂർ ഫാത്തിമ (രാമപുരം). മക്കൾ: നബീസ, ആസ്യ, സാജിത,ഫിറോസ് (ജിദ്ധ) പരേതനായ അബ്ദുൽ സലാം, മരുമകൾ: ഹസീന. സഹോദരൻ: ഡോ: അബൂബക്കർ മലബാറി (റിട്ട.പ്രൊഫസർ, അലിഗഡ് സർവ്വകലാശാല, യു.പി.)