കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് പിശക് പറ്റിയോ എന്ന് പരിശോധിക്കണം
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്ന് പാലോളി കമ്മിഷൻ അദ്ധ്യക്ഷനും മുതിർന്ന സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. 80:20 അനുപാതത്തിൽ തെറ്റില്ല. കോടതി അതിനെ കണ്ടത് ന്യൂനപക്ഷങ്ങൾക്കുള്ള എന്തോ പദ്ധതിയായിട്ടാണ്. പ്രത്യക്ഷത്തിൽ മുസ്ലിങ്ങൾക്ക് 80ഉം മറ്റുള്ളവർക്ക് 20ഉം എന്ന് കാണുമ്പോൾ വലിയ വിവേചനമായി തോന്നും. എന്നാൽ മുസ്ലിം സമുദായത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇക്കാര്യം കോടതി കണ്ടത് ശരിയായ രീതിയിലല്ലെന്നും വീതംവയ്പ്പ് എന്ന തരത്തിലാണെന്നും പാലോളി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ശേഷം 80:20 നടപ്പാക്കിയതിൽ അന്ന് ആർക്കും പ്രശ്നമില്ലായിരുന്നുവെന്നും കോടതി വിധിക്ക് ശേഷമാണ് അത് വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണ് 80:20 അനുപാതം കമ്മിറ്റി ശുപാർശ ചെയ്തത്. കേരളത്തിലെ സർക്കാർ ഒരുപ്രത്യേക സമുദായത്തിന് മാത്രമുള്ളതല്ലല്ലോ. അതുകൊണ്ടു കൂടിയാണ് മറ്റ് പിന്നാക്കക്കാർക്ക് കൂടി ആനുകൂല്യം നൽകാൻ ശുപാർശ ചെയ്തത്. യു.ഡി.എഫ് സർക്കാരാണ് ശുപാർശ നടപ്പാക്കാൻ ഉത്തരവിറക്കിയത്. ഇതു തെറ്റായിരുന്നുവെങ്കിൽ എന്തുകൊണ്ട് യു.ഡി.എഫ് അത് തിരുത്തിയില്ല. സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ അപ്രസക്തമായി എന്ന് പറയുന്നത് പൊളളത്തരമാണ്. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും പാലോളി ആവശ്യപ്പെട്ടു.