കുറ്റിപ്പുറം : കടകശ്ശേരിയിൽ 70കാരിയെ കൊലപ്പെടുത്തി ഒരു മാസം കഴിഞ്ഞിട്ടും എവിടെയുമെത്താതെ പൊലീസ് അന്വേഷണം. കഴിഞ്ഞ മാസം 20ന് വൈകിട്ടാണ്തവനൂർ കടകശ്ശേരിയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന തട്ടോട്ടിൽ ഇയ്യാത്തു ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. ശരീരത്തിലെ 25പവനോളം ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. അപരിചിതരായ രണ്ടു യുവാക്കളുടെ സാന്നിദ്ധ്യം ഇവരുടെ വീടിന്റെ പരിസരത്ത് കണ്ടതായി അയൽവാസികൾ മൊഴി നൽകി. ഇവരിലൊരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും സഹായകമായ സൂചനകളൊന്നും ലഭിച്ചില്ല.
ഇയ്യാത്തുമ്മയുടെ കൊലപാതകത്തിന് രണ്ടുദിവസം മുമ്പാണ് സമീപപ്രദേശമായ കുറ്റിപ്പുറം നടുവട്ടം നാഗപറമ്പ് വെള്ളാറമ്പ് സ്വദേശി കുഞ്ഞിപ്പാത്തുമ്മയെ (62) വീടിന്റെ മുൻവശത്തെ വരാന്തയിൽ അടിയേറ്റ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ അയൽവാസിയായ പ്രതിയെ അതിവേഗം പിടികൂടാൻ പൊലീസിനായി.
മങ്കട രാമപുരത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന, പരേതനായ അഞ്ചുക്കണ്ടി തലക്കൽ മുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷയെ (73) വെള്ളിയാഴ്ച രാത്രി വീട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. തലയ്ക്ക് പൊട്ടലുണ്ടായി രക്തം വാർന്ന നിലയിലായിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രാഥമികമായി സൂചനകളൊന്നും ലഭിച്ചിട്ടില്ല. മൊബൈൽ, സി.സി ടിവി ദൃശ്യം എന്നിവയിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്