പൊന്നാനി : കനറാ ബാങ്കിന്റെ പൊന്നാനി ശാഖയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വ്യാജഭീഷണി മുഴക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ തപൽ മണ്ഡൽ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിന് ഇയാൾക്കെതിരെ പൊലീസും ആരോഗ്യവകുപ്പും പിഴ ചുമത്തിയിരുന്നു. ഇതിന്റെ വിരോധം തീർക്കാൻ പൊലീസിനെ ബുദ്ധിമുട്ടിക്കാനായിരുന്നു വ്യാജ ബോംബ് ഭീഷണി. കസ്റ്റഡിയിലെടുക്കുമ്പോൾ മദ്യലഹരിയിലായിരുന്നു പ്രതി.ചൊവ്വാഴ്ച്ച കാലത്ത് പതിനൊന്നരയോടെയാണ്, ഉച്ചയ്ക്ക് രണ്ടിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ബോംബ് സ്ഫോടനം നടക്കുമെന്ന സന്ദേശം പൊലീസ് സ്റ്റേഷനിലെ ഫോണിൽ ഒരാൾ വിളിച്ചറിയിക്കുന്നത്. തുടർന്ന് പൊന്നാനി സിഐ മനോജ് മലയാറ്റൂരിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡുംബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ സ്റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഫോണിന്റെ ലോക്കേഷൻ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.