കുറ്റിപ്പുറം: മാസങ്ങളായി അടച്ചിട്ടതോടെ തൊഴിൽ നഷ്ടത്തിനൊപ്പം കടുത്ത സാമ്പത്തിക ബാദ്ധ്യതകളും പേറി ജില്ലയിലെ ട്യൂഷൻ സ്ഥാപനങ്ങൾ. കൊവിഡിന്റെ ആദ്യനാളുകളിൽ തന്നെ ട്യൂഷൻ സ്ഥാപനങ്ങൾക്ക് പൂട്ടുവീണിരുന്നു. 2020 മാർച്ചിൽ പൂട്ടേണ്ടിവന്ന സ്ഥാപനങ്ങൾ ഒക്ടോബറിൽ തുറക്കാനായി. കൊവിഡ് രണ്ടാംതരംഗത്തോടെ ഈവർഷം ഏപ്രിലിൽ വീണ്ടും പൂട്ടുവീണു. ട്യൂഷൻ സെന്ററുകൾക്ക് സർക്കാർ ഇളവുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ട്യൂഷൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജില്ല കൂടിയാണ് മലപ്പുറം. എസ്.എസ്.എൽ.സിയിലടക്കം അക്കാദമിക രംഗത്തെ ജില്ലയുടെ നേട്ടങ്ങൾക്ക് പിന്നിൽ ട്യൂഷൻ സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് മുമ്പായി നൈറ്റ് ക്ലാസടക്കം നൽകുന്ന രീതി കുട്ടികളിൽ വലിയ ആത്മവിശ്വാസം വളർത്തിയിരുന്നു. പല സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരും ഒപ്പം മറ്റ് ജോലികൾ ചെയ്യുന്നവരും ഈ മേഖലയെ ആശ്രയിച്ചാണ് മുന്നോട്ടുപോയിരുന്നത്. ഓൺലൈൻ വഴി ക്ലാസുകൾ നൽകുന്നതിന് പരിമിതികൾ ഉള്ളതിനാൽ സർക്കാർ നൽകുന്ന ഇളവുകൾ കാത്തു കഴിയുകയാണെന്ന് ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്റർ ഉടമയും അദ്ധ്യാപകനുമായ പൊന്നാനി സ്വദേശി താജുദീൻ പറഞ്ഞു.
കടുത്ത പ്രതിസന്ധിയിൽ
മാസങ്ങളായി അടഞ്ഞു കിടക്കുന്നെങ്കിലും ഭീമമായ വാടകയും വൈദ്യുതി ബില്ലും അടക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ട്യൂഷൻ ഫീയിലെ കുടിശ്ശിക വലിയ സാമ്പത്തിക ബാധ്യത വരുത്തിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ സെന്ററുകളിൽ ക്ലാസെടുത്തു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നവരിൽ പലരും ഇന്ന് തൊഴിലില്ലാത്ത അവസ്ഥയിലാണ്.