വളാഞ്ചേരി: ഇരുവൃക്കകളും തകരാറിലായ വളാഞ്ചേരി താണിയപ്പൻകുന്ന് സ്വദേശി കിണറ്റിങ്ങൽ വേലായുധന്റെ മകനും മുപ്പതുകാരനുമായ പ്രദീപിന്റെ ജീവൻ രക്ഷിക്കാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ യുവാവ്. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ 30 ലക്ഷത്തിലധികം രൂപ ഇതിന് ചെലവ് വരും. കൂലിപ്പണി എടുത്ത് ജീവിക്കുന്ന പ്രദീപിന്റെ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അധികമാണ്. ഈ സാഹചര്യത്തിലാണ് യുവാവിന്റെ ജീവൻ രക്ഷിക്കുന്നതിനായി താണിയപ്പൻകുന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ സിദ്ധീഖ് ആലുങ്ങൽ ചെയർമാനും റഷീദ് വരിക്കത്തൊടി കൺവീനറും രജിത്കുന്നത്ത് ട്രഷററായും കമ്മിറ്റി രൂപീകരിച്ചത്. കേരള ഗ്രാമീണ ബാങ്കിന്റെ വളാഞ്ചേരി ശാഖയിൽ പ്രദീപ് ചികിത്സാ സഹായ സമിതി എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സമിതി ഭാരവാഹികളായ സി.ദാവൂദ്, ഫൈസൽ തങ്ങൾ, സിദ്ദീഖ് ആലുങ്ങൽ, വീരാൻ കുട്ടി പറശ്ശേരി, കെ.അർജ്ജുൻ പങ്കെടുത്തു. അക്കൗണ്ട് നമ്പർ:40254101058688. ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി 0040254