നിലമ്പൂർ: മദ്യലഹരിയിൽ നിറതോക്കുമായി ഭാര്യാ വീട്ടിലെത്തിയ യുവാവിന്റെ അക്രമത്തിൽ ഭാര്യാപിതാവിന് പരിക്ക്. സ്ഥലത്തെത്തിയ പൊലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പോത്തുകൽ പനങ്കയം കൂവക്കോൽ ആഞ്ഞിലിമൂട്ടിൽ ജോയിക്കാണ് തോക്കിന്റെ ചട്ടകൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇയാളുടെ മകളുടെ ഭർത്താവ് അമ്പാലത്തൊടിക സന്തോഷിനെയാണ് (48) സംഭവസ്ഥലത്തെത്തിയ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാൾ ഒളിപ്പിച്ച് വെച്ച ലൈസൻസില്ലാത്ത നാടൻ തോക്കും അഞ്ച് തിരകളും പൊലിസ് കണ്ടെടുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വർഷങ്ങളായി സന്തോഷ് ഭാര്യയുമായി അകന്നുകഴിയുകയാണ്. പിതാവായ ജോയിക്കൊപ്പമാണ് മകൾ താമസിക്കുന്നത്. ശനിയാഴ്ച രാത്രി രോഗിയായ മകനെ കാണണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഭാര്യാവീട്ടിലെത്തി. തിര നിറച്ച നാടൻ തോക്കുമായിട്ടായിരുന്നു ഇയാൾ വന്നത്. വീട്ടിലെത്തിയ സന്തോഷിനെ ജോയി തടയുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതോടെ ജോയിയുടെ നേരെ തോക്ക് ചൂണ്ടി വെടിവെക്കുമെന്ന് സന്തോഷ് ഭീഷണി മുഴക്കി. ഉടനെ ജോയി തോക്കിൽ കയറിപ്പിടിക്കുകയും പിടിവലിയുണ്ടാകുകയും പിടിവലിക്കിടെ കൈയിൽ കിട്ടിയ തോക്ക് ജോയി ചവുട്ടിയൊടിക്കുകയും ചെയ്തു. തോക്കിന്റെ കുഴൽ ജോയിയുടെ കൈയിലും ചട്ട സന്തോഷിന്റെ കൈയിലുമായി. ഈ ചട്ട കൊണ്ടാണ് സന്തോഷ് ജോയിയെ അടിച്ചു പരിക്കേൽപ്പിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൽ ഇൻസ്‌പെക്ടർ കെ. ശംഭുനാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഭാര്യാ പിതാവിനെ തോക്കുപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിനും ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും കൈവശം വച്ചതിന് ആയുധ നിരോധന നിയമപ്രകാരവും ഇയാൾക്കെതിരെ പോത്തുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.