kallay
പണി പാതിവഴിയിലായ തിരൂരങ്ങാടി കല്ലക്കയം കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ്

തിരൂരങ്ങാടി: കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തികരിക്കാത്തതിനെ തുടർന്ന് തിരൂരങ്ങാടി നഗരസഭയുടെ കുടിവെള്ള ക്ഷാമം തീർക്കുന്ന കല്ലക്കയം കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ. 2014ൽ പത്ത്‌കോടി നിർമാണ ചെലവിൽ ഭരണാനുമതി ലഭിച്ച് നിർമാണമാരംഭിച്ച പദ്ധതിയാണ് കരാറുകാരന്റെ മെല്ലെ പോക്കിനെ തുടർന്ന് പാതി വഴിയിലാകുന്നത്. പമ്പ് ഹൗസ് കിണറിന്റെ പണി 80 ശതമാനത്തോളവും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഏകദേശം 25 ശതമാനത്തോളവുമാണ് ഇതുവരെ നടന്നിട്ടുള്ളത്. പല സാങ്കേതിക കാരണങ്ങളാലും രണ്ടു തവണ പൂർത്തീകരണ കാലാവധി നീട്ടി കൊടുത്തിട്ടും പണി പൂർത്തികരിക്കാതെ 2021 മാർച്ച് 21 ന് കരാർ കാലാവധി അവസാനിച്ചിരിക്കുകയാണ്. എന്നാൽ കരാറുകാരന്റെ റിസ്‌ക് അന്റ് കോസ്റ്റിൽ പണി തുടർന്നിട്ടും നിർമ്മാണം പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാറുകാരനുമായുള്ള കരാർ മേയ് 5ന് റദ്ദ് ചെയ്യുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി കക്കാട് ടാങ്കിലേക്കുള്ള പൈപ്പിടലും ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. പ്ലാന്റ് സ്ഥിതി ചെയ്യുന്ന കല്ലക്കയം കരി പറമ്പ് മുതൽ കക്കാട് വരെയാണ് റോഡിൽ കൂടി പമ്പിംഗ് ലൈൻ സ്ഥാപിക്കേണ്ടിയിരുന്നത്. പൈപ്പിടുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ 2 കോടി 23 ലക്ഷം രൂപയും നാഷണൽ ഹൈവേ അതോറിറ്റിയിൽ 14.50 ലക്ഷം രൂപയുമാണ് കെട്ടിവെക്കേണ്ടിയിരുന്നത്.ഇതിൽ പൊതുമരാമത്ത് വകുപ്പിൽ മാത്രം 80 ലക്ഷം രൂപ മാത്രമേ കെട്ടിവെച്ചിട്ടുള്ളൂ അതുകൊണ്ട് തന്നെ റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവാദം നൽകിയിട്ടുമില്ല.

2014ൽ തിരൂരങ്ങാടി പഞ്ചായത്തായിരിക്കെ നൽകിയ എസ്റ്റിമേറ്റ് തുകയേക്കാൾ അധിക തുക നഗരസഭയായതിനാൽ പൊതുമരാമത്തിലേക്ക് ഇപ്പോൾ അടവാക്കേണ്ടതുള്ളതിനാൽ പുതുക്കി കരാറും ഭരണാനുമതിയും കല്ലക്കയം കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തിക്കായി ആവശ്യമായി വന്നിട്ടുണ്ട്.പരപ്പനങ്ങാടി നാടുകാണി പാത നവീകരണവും ചെമ്മാട് വരെ എത്തി നിൽക്കുന്നതിനാൽ പൈപ്പിടാൻ വേണ്ടി പണി പൂർത്തിയായ റബ്ബറൈസ്ഡ് റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ടതായും വരും. ഇതിനായി ഫണ്ട് സർക്കാർ അടിയന്തിരമായി അനുവദിക്കുകയും പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുകയും കൂടി ചെയ്താൽ മാത്രമേ തിരൂരങ്ങാടി കല്ലക്കയം കുടിവെള്ള പദ്ധതി പൂർത്തികരിക്കാനാവുകയുള്ളൂ