പെരിന്തൽമണ്ണ: കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന വാഹനത്തിൽ വീടുകളിലെത്തി പരിസരം നിരീക്ഷിച്ചശേഷം പിന്നീട് മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ കൊളത്തൂർ പൊലീസ് പിടികൂടി. ശനിയാഴ്ച പുലർച്ചെ കുരുവമ്പലത്തെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും 5,000 രൂപയും കവർച്ച ചെയ്ത മൂവർ സംഘത്തിലെ കാസർഗോഡ് ചീമേനി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ രാജൻ എന്ന് വിളിപ്പേരുള്ള ടോമി തോമസ് (56) ആണ് പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച ഒമ്നി വാഹനവും പിടികൂടിയിട്ടുണ്ട്. കൊളത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.സജിത്ത്, സബ് ഇൻസ്‌പെക്ടർ റെജിമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ശിവദാസ്, സീനിയർ സി.പി.ഒമാരായ കൈലാസ്, മനോജ്, മുഹമ്മദ് റാഫി, സി.പി.ഒ വിപിൻ ചന്ദ്രൻ, ഹോംഗാർഡ് സുനിൽ എന്നിവരും ഉണ്ടായിരുന്നു. മറ്റ് പ്രതികളെ കണ്ടെത്തുവാൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.