കോട്ടക്കൽ: കോഴിക്കോട് തൃശൂർ ദേശീയപാതയിൽ കക്കാട് ലോറി മരത്തിലിടിച്ചു. ഡ്രൈവർ രണ്ട് മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. കക്കാട് കാച്ചടിയിൽ ഇന്നലെ പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ പോയി മടങ്ങി വരികയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. മരത്തിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറിക്കുള്ളിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ഏറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് താനൂരിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഡ്രൈവർ കൊല്ലം സ്വദേശി രാജേഷിനെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.