വണ്ടൂർ: ഡി സോൺ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടും മൈതാനത്ത് വൈകിട്ട് കുട്ടികളുടെ ഫുട്ബോൾ കളി. വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി അങ്ങാടിക്കു സമീപത്തെ മൈതാനത്താണ് കൊവിഡ് സാഹചര്യത്തിലും കുട്ടികൾ ഫുട്ബാൾ കളിക്കാൻ ഇറങ്ങിയത്. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള ഡി സോണിൽ കളി തുടർന്ന സാഹചര്യത്തിൽ ചുവപ്പ് കാർഡുമായി സെക്ടറൽ മജിസ്ട്രേറ്റും വി.എം.സി ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകനുമായ ഇ. ബിനീഷ് എത്തി. പഞ്ചായത്തിൽ 21ന് ടി.പി.ആർ നിരക്ക് 16.23 ശതമാനത്തിനും മുകളിൽ എത്തിയിരുന്നു. പത്തിലധികം വരുന്ന കുട്ടികൾ മാസ്ക്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. അദ്ധ്യാപകൻ കൂടിയായതിനാൽ ബിനീഷ് കുട്ടികളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് താക്കീത് നൽകി വിട്ടയച്ചു.
പേരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം കുട്ടികളോട് കൊവിഡിന്റെ ഗൗരവത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്തു.