പോത്തുകൽ: എസ്.എൻ.ഡി.പി ഞെട്ടിക്കുളം ശാഖയിലെ മൂന്ന് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. തിങ്കളാഴ്ച രാത്രിയിലാണ് ടൗണിലുള്ള ശാഖയിൽ മോഷണം നടന്നത്. ഓഫീസ് മുറിയുടെയും മീറ്റിംഗ് ഹാളിന്റെയും പൂട്ടുകൾ കുത്തിത്തുറന്ന് അതിനുളളിൽ സൂക്ഷിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളും ഗണപതി കോവിലിനുള്ളിലുള്ള ഒരു ഭണ്ഡാരവുമാണ് മോഷ്ടാവ് പൊളിച്ചത്. ഓഫീസ് അലമാരയിലും മോഷണ ശ്രമം നടന്നു. ആയിരത്തോളം രൂപ ഓഫീസ് മേശയിൽ ഉണ്ടായിരുന്നതായി പറയുന്നു. മൂന്ന് ഭണ്ഡാരങ്ങളിലായി 5000 ത്തോളം രൂപ ഉണ്ടാവുമെന്നാണ് ഭാരവാഹികൾ പറയുന്നത്. ചൊവ്വാഴ്ച രാവിലെ എള്ളുംകാലായിൽ അജയകുമാർ വിളക്ക് തെളിയിക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പോത്തുകൽ ഇൻസ്പക്ടർ കെ. ശംഭുനാഥിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി ശാഖയിൽ വിശദമായ പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു.