gfggg

പൊന്നാനി: വിനോദസഞ്ചാരത്തെ സാഹിത്യവിജ്ഞാനവുമായി കൂട്ടിയിണക്കുന്ന മലബാർ ലിറ്റററി സർക്യൂട്ടിന്റെ മർമ്മ കേന്ദ്രമാകാൻ നിള പൈതൃക മ്യൂസിയം ഒരുങ്ങുന്നു. നിളാതീരത്തെ സാഹിത്യ ഒഴുക്കിനെ ടൂറിസം ഭൂപടത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഇടം പിടിച്ച പദ്ധതിയുടെ പ്രധാന കൈവഴി പൊന്നാനിയിലെ പുഴയോരമാകും. തുഞ്ചത്തെഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരുടെ തട്ടകങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം നിളാതീരത്തെ സാംസ്‌കാരിക പൈതൃകവും കോർത്തിണക്കുന്നതാണ് പദ്ധതി. പുഴയോര പാതയായ കർമ്മ റോഡിൽ ഒരുങ്ങുന്ന കലാഗ്രാമം ലിറ്റററി സർക്യൂട്ടിന്റെ പ്രഭവ കേന്ദ്രമായി മാറും.

തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ എന്നിവയെക്കൂടാതെ പൊന്നാനി, തൃത്താല എന്നീ പ്രദേശങ്ങളിലെ കലാസാഹിത്യ സാംസ്‌കാരിക പൈതൃക പാരമ്പര്യത്തെ കോർത്തിണക്കുന്നതാണ് മലബാർ ലിറ്റററി സർക്യൂട്ട്. നിള സംഗ്രഹാലയം എന്ന് പേരിട്ട മ്യൂസിയം ലിറ്റററി സർക്യൂട്ട് ലക്ഷ്യമിടുന്ന മുഴുവൻ സാദ്ധ്യതകളുടേയും കേന്ദ്രമായാണ് അണിഞ്ഞൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന്റെ പരിച്ഛേദമായി അറിയപ്പെട്ട പൊന്നാനിക്കളരിയുടെ പുനരവിഷ്‌ക്കാരമാവും വിധമാണ് മ്യൂസിയത്തിന്റെ രൂപകൽപ്പന.

പറയിപെറ്റ പന്തിരുകുലത്തെ പുനരാവിഷ്‌ക്കരിക്കുന്ന മാതൃക മ്യൂസിയത്തിലുണ്ട്. നാലുകെട്ടിന്റെ മാതൃകയിലുള്ള മ്യൂസിയത്തിന്റെ നടുമുറ്റത്ത് കയർ നിർമ്മാണശാല, പഴയകാല ചന്ത, വാഹന ഗതാഗതം എന്നിവ ഒരുക്കിയിട്ടുണ്ട്. പുനർജ്ജനി ഗുഹയുടെ മാതൃകയുമുണ്ട്. പൊന്നാനി വലിയപള്ളിയുടേയും തൃക്കാവ് ക്ഷേത്രത്തിന്റെയും പൂമുഖങ്ങൾ പുന:സൃഷ്ടിച്ച് വാസ്തുസമാനതകൾ അറിയാൻ സൗകര്യമൊരുക്കും. തിരുനാവായ നവാമുകുന്ദ ക്ഷേത്രവും വേദപാഠശാലയുമുണ്ട്. മാധവ ജ്യോതിഷത്തെ പ്രമേയമാക്കിയുള്ള പഠന ഇടവുമുണ്ട്.
അന്താരാഷ്ട്ര ചിത്രകാരന്മാർക്ക് ഒരുമിച്ചു കൂടാൻ പ്രത്യേക പ്രദർശനം ഉണ്ടാകും. വിശാലമായ കോൺഫറൻസ് ഹാളും മിനി തിയേറ്ററും ഇതോടൊപ്പമുണ്ട്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മ്യൂസിയം നാടിന് സമർപ്പിക്കും.

സാഹിത്യകാരൻമാർക്ക് പ്രത്യേക ആദരം

മലബാർ ലിറ്റററി സർക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി നിള പൈതൃക മ്യൂസിയത്തെ മാറ്റും. ബേപ്പൂരിൽ നിന്ന് പൊന്നാനി വഴി തൃത്താലയിൽ എത്തുന്ന തരത്തിലാണ് ലിറ്റററി സർക്യൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസ്(ജൂലായ് 16ന് പൈതൃകമ്യൂസിയം സന്ദർശിച്ചപ്പോൾ പറഞ്ഞത്)

8 കോടി രൂപ ചെലവിലാണ് പൈതൃകമ്യൂസിയം നിർമ്മിക്കുന്നത്.