വളാഞ്ചേരി: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയവർക്കെതിരെ പൊലീസ് നടപടി. ഡി കാറ്റഗറിയിലുള്ള ആതവനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി എത്തിയ ഇരുപത്തഞ്ചോളം പേർക്കെതിരെയാണ് വളാഞ്ചേരി പൊലീസ് നടപടി സ്വീകരിച്ചത്. ഇവരിൽ നിന്ന് പിഴ ഈടാക്കുകയും ആറ് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. ദൂരദിക്കുകളിൽ നിന്ന് പോലും നിരവധി പേരാണ് ബൈക്കുകളിൽ വെള്ളച്ചാട്ടം കാണാനെത്തുന്നത്. ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹിക അകലം പാലിക്കാതെയുമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതും മറ്റും. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഷ്റഫ് അറിയിച്ചു.