മലപ്പുറം: ഹയർസെക്കൻഡറി പരീക്ഷയിൽ എ പ്ലസ് മോടിയോടെ ജില്ലയ്ക്ക് മിന്നുംജയം. 89.44 ശതമാനവുമായി സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 85.84 ശതമാനവുമായി ആറാമതായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച നേട്ടം ഇത്തവണയും ജില്ലയ്ക്ക് സ്വന്തം. 6,707 മിടുക്കന്മാർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 243 സ്‌കൂളുകളിലായി 57,629 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 51,543 കുട്ടികൾ വിജയിച്ചു.
15 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വർഷമിത് 17 സ്കൂളുകളായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച മൂന്ന് സ്‌കൂളുകളിൽ രണ്ടും മലപ്പുറത്താണ്. കല്ലിങ്ങൽപ്പറമ്പ എം.എസ്.എം എച്ച്.എസ്.എസ് - 773, പാലേമാട് എസ്.വി എച്ച്.എസ്.എസ് -759 വിദ്യാർത്ഥികളെയാണ് പരീക്ഷയ്ക്കിരുത്തിയത്. വിജയശതമാനം യഥാക്രമം 95.99ഉം 88.41ഉം ആണ്.
നൂറ് മേനിയിൽ ഇവർ
എം.ഇ.എസ് എച്ച്.എസ്.എസ് മമ്പാട്, എൻ.എസ്.എസ് ഇ.എം എച്ച്.എസ് മഞ്ചേരി, പ്രസന്റേഷൻ എച്ച്.എസ്.എസ് പെരിന്തൽമണ്ണ, സെന്റ്‌പോൾസ് എച്ച്.എസ്.എസ് തേഞ്ഞിപ്പലം, മോഡേൺ എച്ച്.എസ്.എസ് പോട്ടൂർ മൂതൂർ, ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ എച്ച്.എസ്.എസ് കടകശ്ശേരി, ഐഡിയൽ എച്ച്.എസ്.എസ് ധർമ്മഗിരി ചേലക്കാട്, എ.കെ.എം എച്ച്.എസ്.എസ് കോട്ടൂർ, പി.എം.എസ്.എ വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസ് അരീക്കോട്, എ.എം.എച്ച്.എസ്.എസ് വേങ്ങൂർ, ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ, പിവീസ് എച്ച്.എസ്.എസ് നിലമ്പൂർ, കാരുണ്യ ഭവൻ എച്ച്.എസ്.എസ് വാഴക്കാട്, അസീസി സ്‌കൂൾ ഫോർ ഡഫ് മാലാപറമ്പ്.
ഓപ്പണിൽ പിന്നിൽ
ടെക്നിക്കൽ സ്‌കൂളിൽ 259 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 203 പേർ വിജയിച്ചു. 78.38 ശതമാനമാണ് വിജയം. 11 പേർക്ക് ഫുൾ എ പ്ലസുണ്ട്. ഓപ്പൺ സ്‌കൂളിലെ 18,722 കുട്ടികളിൽ 9,654 പേർ വിജയിച്ചു. 51.52 ശതമാനമാണ് വിജയം. 270 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷമിത് 40 കുട്ടികളായിരുന്നു. ഓപ്പൺ സ്‌കൂളിലൂടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. വിജയ ശതമാനത്തിന്റെ കാര്യത്തിൽ പതിമൂന്നാം സ്ഥാനത്താണ്. 53 ശതമാനമാണ് സംസ്ഥാന ശരാശരി.