വള്ളിക്കുന്ന്: മൂന്ന് വയസുകാരിക്ക് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വള്ളിക്കുന്നിൽ മൂന്ന് വയസുകാരിക്കാണ് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പരിശോധനാ ഫലം ലഭിച്ചത്. പഞ്ചായത്ത് തലത്തിൽ നേരത്തെ യോഗം ചേർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും. പെൺകുട്ടിയിൽ ഈ മാസം 24നാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. കൈയിൽ നീല നിറവും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ അപകട നില തരണം ചെയ്തിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.