പൊന്നാനി: മത്സ്യത്തൊഴിലാളികൾക്കുള്ള പൊന്നാനി ഹാർബറിലെ പാർപ്പിട സമുച്ചയത്തിന്റെ താക്കോൽദാനം അടുത്ത മാസം 25ന് നടക്കാനിരിക്കെ വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും അലംബാവമെന്ന് ആക്ഷേപം. കഴിഞ്ഞ മാസം 16ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പദ്ധതി പ്രദേശം സന്ദർശിച്ച് ഇക്കാര്യത്തിൽ കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒന്നര മാസം പിന്നിടുമ്പോൾ പദ്ധതി സംബന്ധിച്ച അവലോകന യോഗത്തിലും തൃപ്തികരമായ പുരോഗതി റിപ്പോർട്ട് വയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായില്ല.
മത്സ്യത്തൊഴിലാളികൾ ഫ്ളാറ്റിലേക്ക് മാറുമ്പോൾ കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെ ഒന്നിനും ബുദ്ധിമുട്ട് വരരുതെന്നാണ് മന്ത്രിയുടെ നിർദ്ദേശമുണ്ടായിരുന്നത്. ശുദ്ധജലമെത്തിക്കുന്നതിന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. 60 ലക്ഷം രൂപയും അനുവദിച്ചു. മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99 ലക്ഷം രൂപ ഉപയോഗിച്ച് പാർപ്പിട സമുച്ചയത്തിൽ ഓരോന്നിലും ടൈൽ വിരിക്കാനും തീരുമാനിച്ചിരുന്നു. ഉദ്ഘാടനത്തിന് മുൻപായി വൈദ്യുതി, വെള്ളം, ടൈൽ വിരിപ്പ് എന്നിവ പൂർണാർത്ഥത്തിൽ പൂർത്തീകരിക്കുമെന്ന ഉറപ്പു വരുത്താനായി കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം വ്യക്തമായ ഉറപ്പില്ലാതെയാണ് പിരിഞ്ഞത്.
കുടിവെള്ള വിതരണ കാര്യത്തിൽ നടപടി ആയില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണത്തെ പദ്ധതി പ്രദേശം സന്ദർശിച്ച ഘട്ടത്തിൽ മന്ത്രി രൂക്ഷമായാണ് വിമർശിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അഞ്ഞൂറോളം പേർക്ക് താമസിക്കാവുന്ന ഭവന സമുച്ചയം കൈമാറിയാൽ അവർ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിരുന്നു.
കൂടുതൽ സൗകര്യമൊരുക്കും