
പൊന്നാനി: വെളിയങ്കോട് ഡോക്ടറെ മർദ്ദിച്ചെന്നാരോപിച്ച് പൊന്നാനി താലൂക്കിൽ ഒ.പി ബഹിഷ്‌ക്കരിച്ചും വാക്സിൻ വിതരണം മുടക്കിയും ഡോക്ടർമാർ. വാക്സിനേഷനെത്തിയവർക്ക് കുത്തിവയ്പ്പ് നൽകാത്തത് പ്രതിഷേധത്തിനിടയാക്കി.
കഴിഞ്ഞ ദിവസം വെളിയങ്കോട് പഞ്ചായത്തിൽ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തംഗങ്ങളും മെഡിക്കൽ ഓഫീസറും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് പൊന്നാനി താലൂക്കിലെ ആശുപത്രികളിൽ ഡോക്ടർമാർ ഒ.പി ബഹിഷ്‌ക്കരിച്ചത്. ആശുപത്രിയിലെത്തിയ നിരവധി രോഗികളാണ് ഇതുകാരണം വലഞ്ഞത്. ഡോക്ടർമാരുടെ നിസഹകരണം മൂലം കൊവിഡ് വാക്സിനേഷൻ താലൂക്കിലുടനീളം മുടങ്ങി.
പൊന്നാനി ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനെത്തിയ പ്രവാസികൾ കുത്തിവയ്പ്പ് മുടങ്ങിയതിനാൽ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും വാക്സിൻ ലഭിക്കാത്തവർക്കെല്ലാം തിങ്കളാഴ്ച തന്നെ വാക്സിൻ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടുൾപ്പെടെ രണ്ട് ഡോക്ടർമാർ മാത്രമാണ് അത്യാഹിത വിഭാഗം രോഗികളെ പരിശോധിച്ചത്. പൊന്നാനിക്ക് പുറമെ വെളിയങ്കോടും മാറഞ്ചേരിയിലും പെരുമ്പടപ്പിലും വാക്സിൻ ക്യാമ്പും ഒപിയും ഡോക്ടർമാർ ബഹിഷ്‌ക്കരിച്ചു. ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച കേസിലുൾപ്പെട്ടവരെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഡോക്ടർമാരുടെ തീരുമാനം.