r
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷന് സമീപം വൈദ്യുതി തൂണുകൾ സ്ഥാപിക്കുന്നു.

കൊല്ലങ്കോട്: പാലക്കാട്- പൊള്ളാച്ചി ബ്രോഡ്‌ഗേജ് റെയിൽവേ ലൈനിൽ വൈദ്യുതീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. ട്രാക്കിന്റെ വശത്ത് പോസ്റ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ പൊള്ളാച്ചി മുതൽ പാലക്കാട് വരെ ഇത്തരം പോസ്റ്റുകൾ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച ശേഷം ഇലക്ട്രിക് ലൈൻ കടന്നുപോകുന്നതിനുള്ള ആംഗിൾ സ്ഥാപിച്ച് ശേഷമാണ് പൂർണമായും ഇലക്ട്രിക് ലൈൻ ഘടിപ്പിക്കുക.

പാലക്കാട് ഡിവിഷന് കീഴിലുള്ള പൊള്ളാച്ചി കിണത്തുക്കടവ് വരെയും മധുര ഡിവിഷനിലെ ദിണ്ഡിഗൽ വരെയുമായി 180 കിലോമീറ്ററാണ് പ്രവൃത്തി നടക്കുന്നത്. കഞ്ചിക്കോട്, പല്ലശന സബ് സ്റ്റേഷനുകളിൽ നിന്നാണ് പാലക്കാട് ഡിവിഷൻ പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നത്. 2023നകം ലൈൻ കമ്മിഷൻ ചെയ്തത് ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. എൽ ആന്റ് ടി കമ്പനിക്കാണ് നിർമ്മാണ ചുമതല.

കോയമ്പത്തൂർ- പോത്തന്നൂർ- പൊള്ളാച്ചി ലൈൻ വൈദ്യുതീകരണം ഇതിനകം പൂർത്തിയായി. പൊള്ളാച്ചി മുതൽ ദിണ്ഡിഗൽ വരെ ജോലി അവസാന ഘട്ടത്തിലാണ്. പൊള്ളാച്ചി-പാലക്കാട് വൈദ്യുതീകരണം പൂർത്തീയായാൽ ചരക്കുകടത്തിനുള്ള പ്രധാന പാതയായി മാറുമെന്നാണ് റെയിൽവേ പറയുന്നത്.