ഞാലിപ്പൂവൻ വാഴകളിൽ വാട്ടരോഗം, അട്ടപ്പാടിയിലെ വാഴകർഷകർ പ്രതിസന്ധിയിൽ
അഗളി: അട്ടപ്പാടി മേഖലയിലെ ഞാലിപ്പൂവൻ വാഴകളിൽ പനാമാവിൽറ്റ് വാട്ടരോഗം വ്യാപകം, കർഷകർ ജാഗ്രത പാലിക്കണമെന്ന് കൃഷിവകുപ്പിന്റെ നിർദ്ദേശം. ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുക്കളിലെ വെച്ചപ്പതി, പാടവയൽ, ആനക്കൽ, കതിരംപതി പ്രദേശങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൃഷിവകുപ്പിന് കീഴിൽ അഗളി വിള ആരോഗ്യ കേന്ദ്രമാണ് രോഗബാധ കണ്ടെത്തിയത്. രോഗം വ്യാപകമായ ഷോളയൂർ വെച്ചപ്പതിയിലെ ഉണ്ണി എന്ന കർഷകന്റെ തോട്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
എങ്ങനെ തിരിച്ചറിയാം
വാഴയെ ആക്രമിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പനാമാ വിൽറ്റ്. നീർവാർച്ചാ സൗകര്യമില്ലാത്ത സ്ഥലങ്ങളിലും തുടർച്ചയായി വാഴ കൃഷിചെയ്യുന്നിടത്തുമാണ് കൂടുതലായും കണ്ടുവരുന്നത്. ഞാലിപ്പൂവൻ ഇനത്തെയാണ് പ്രധാനമായും ബാധിക്കാറ്. ഫ്യൂസേറിയം ഓക്സിസ് പോറം ക്യൂബൻസ് എന്ന ശാസ്ത്രനാമമുള്ള കുമിളകളാണ് രോഗത്തിന് കാരണം. രോഗം ബാധിച്ച വാഴയുടെ ഇലകളിൽ മഞ്ഞളിപ്പ് പ്രകടമാകും ഇത് ഇലകളുടെ അരികിൽനിന്നും നടു ഞരമ്പിലേക്ക് വ്യാപിക്കുന്നു. ക്രമേണ ഏറ്റവും ഉള്ളിലെ ഇലയൊഴിച്ച് ബാക്കിയെല്ലാം വാടി തൂങ്ങുകയും വാഴയുടെ തണ്ടുകളിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യും. രോഗം കൂടുതലായി ബാധിച്ച വാഴകൾ സാധാരണ കുലയ്ക്കാറില്ല. രോഗം മൂർച്ഛിക്കുതോടുകൂടി വാഴ കടയോടുകൂടി ചരിഞ്ഞ് വീഴും.
പ്രതിരോധ മാർഗം
1. തോട്ടത്തിലെ നീർവാർച്ചാ സൗകര്യം വർദ്ധിപ്പിക്കുക. വാഴയുടെ കടയ്ക്കൽ വെള്ളംകെട്ടി നിറുത്തരുത്
2. അസുഖം ബാധിച്ച വാഴകൾ നീക്കം ചെയ്യുക
3. അമ്ളത്വം കൂടിയ മണ്ണിൽ കുമ്മായം ചേർക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും
4. രോഗം കണ്ടെത്തിയ സ്ഥലത്ത് തുടർച്ചയായി വാഴ കൃഷിചെയ്യാതെ നിലം തരിശാക്കിയിടുക, മറ്റുവിളകളും പരീക്ഷിക്കാം
5. രോഗം വരാതിരിക്കാനായി ഒരു കിലോ സ്യുഡോമോണസ് ഫ്ളൂറസെൻസ് എന്ന ജൈവ കുമിൾനാശിനി 20 കിലോ ഉണങ്ങിയ ചാണകപ്പൊടിയുമായി ചേർത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50 ഗ്രാം വീതം ഇട്ടുകൊടുക്കുക
6. നടുന്നതിന് മുമ്പ് വാഴക്കന്ന് നല്ലവണ്ണം ചെത്തി വൃത്തിയാക്കി സ്യുഡോമോണസ് കലർത്തിയ വെള്ളത്തിൽ മുക്കണം
7. രോഗത്തിന്റെ തുടക്കത്തിൽ കാർബെണ്ടാസിം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്സി ക്‌ളോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് മണ്ണ് കുതിരത്തക്കവണ്ണം വാഴയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം