വടക്കഞ്ചേരി: കണ്ണമ്പ്ര വ്യവസായ പാർക്കിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് അഞ്ചുവർഷം പിന്നിടുമ്പോഴും ഭൂമിവില സംബന്ധിച്ച് തീരുമാനമാകാത്തതിൽ ഭൂവുടമകൾ ആശങ്കയിൽ. ന്യായവില നൽകുമെന്നാണു കിൻഫ്ര സ്പെഷൽ തഹസിൽദാർ നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ, കൃഷിഭൂമി വിട്ടുനൽകുമ്പോൾ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള വില നൽകണമെന്നാണ് കർഷകരുടെ ആവശ്യം. സെന്റിന് 30,000 മുതൽ രണ്ടരലക്ഷം രൂപവരെ വിലയിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ കളക്ടർക്കും വിലനിർണയ സമിതിക്കും കർഷകർ നൽകിയിരുന്നു. ഇത് പരിഗണിച്ച് ന്യായവില നിശ്ചയിക്കണമെന്നാണ് കർഷക കൂട്ടായ്മകളുടെ ആവശ്യം.
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയിലെ 9 മെഗാ വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാണു കണ്ണമ്പ്രയിലേത്. കിൻഫ്രയുടെ നേതൃത്വത്തിൽ 2000 കോടിയുടെ പദ്ധതിയാണ് കണ്ണമ്പ്ര വ്യവസായ പാർക്കിൽ വരുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 292 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ന്യായ വില സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. തങ്ങളുടെ ഭൂമിക്ക് എന്തുവില കിട്ടുമെന്നറിയാത്തതിനാൽ മറ്റൊരു സ്ഥലം വാങ്ങുന്നതിനോ വീട് നിർമ്മിക്കുന്നതിനോ കഴിയാതെ അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റബർ വില ഇടിഞ്ഞതോടെയാണ് വ്യവസായ പാർക്കിനായി ഭൂമി നൽകാൻ പലരും തയ്യാറായത്. ഏറ്റെടുക്കുന്ന 470 ഏക്കർ ഭൂമിയിൽ സിംഹഭാഗവും റബർ കൃഷിയുള്ളതാണ്. വർഷത്തിൽ ഒന്നോ രണ്ടോ മാസമൊഴികെ എല്ലായിപ്പോഴും ജലസേചന സൗകര്യമുള്ള സ്ഥലങ്ങളാണെന്ന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടത്തിയ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറ്റെടുക്കുന്ന ഭൂമി കണ്ണമ്പ്ര വാട്ടർഷെഡ് ഏരിയയുടെ മുഖ്യ പ്രദേശമാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിക്കരുതെന്നും മൂന്ന് വർഷം മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. പക്ഷേ, നിർദ്ദേശങ്ങളൊന്നും നാളിതുവരെയായി നടപ്പായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
സ്ഥലമേറ്റെടുക്കൽ അറിയിപ്പിനെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി ഭൂമിയുടെ ക്രയവിക്രയമോ ഭൂമി പണയം വച്ചുള്ള സാമ്പത്തിക ഇടപാടുകളോ നടത്താൻ കഴിയാതെ പ്രതിന്ധിയിലാണ് ഭൂവുടമകൾ. വിപണി വിലക്കൊപ്പം നിയമാനുസൃതമായ ആനുകൂല്യങ്ങളും വൈകിപ്പിക്കാതെ വിതരണം ചെയ്യാൻ നടപടി ഉണ്ടാകണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.