kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ബാബു കോട്ടയിൽ വിഭാഗം) കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിർണയിക്കുന്നതിലെ അപാകതകൾ പരിഹരിക്കുക, നിയന്ത്രണങ്ങളോടെ എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച കടകളടച്ച് പ്രതിഷേധിച്ചു.


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (നസിറുദ്ദീൻ വിഭാഗം) ജില്ലയിലെ അഞ്ഞൂറിലധികം പ്രദേശത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. പാലക്കാട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം ജില്ലാ ജനറൽ സെക്രട്ടറി പി. സുനിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കിദർ മുഹമ്മദ് അദ്ധ്യക്ഷനായി. സീനിയർ വൈസ് പ്രസിഡന്റ് മുസ്തഫ മുളയൻകാവ്, സൈനുദ്ദീൻ പത്തിരിപ്പാല, ബി. മുസ്തഫ, ബൈജു രാജേന്ദ്രൻ, പ്രകാശൻ എന്നിവർ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ബാബു കോട്ടയിൽ വിഭാഗം) കളക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് അദ്ധ്യക്ഷനായി. കെ.കെ. ഹരിദാസ്, കെ. ലിയാക്കത്ത് അലി, ടി.പി. സക്കറിയ, ടി.പി. ഷക്കീർ ഹുസൈൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് ടൗൺ റീട്ടയിൽ മർച്ചന്റ് അസോസിയേഷൻ സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ആർ. കൃഷ്ണൻ, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സമരത്തിന് പിന്തുണയുണ്ടായിരുന്നെങ്കിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ജോബി വി. ചുങ്കത്ത് വിഭാഗം) കടകൾ തുറന്നു.