പാലക്കാട്: കൽമണ്ഡപം മുതൽ ശേഖരീപുരം വരെയുള്ള 3.5 കിലോമീറ്റർ ബൈപാസിനെ മാതൃകാപാതയാക്കുകയെന്ന ലക്ഷ്യവുമായി വാഹനങ്ങളുടെ കാഴ്ചമറയ്ക്കുന്ന മരശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തികൾക്ക് തുടക്കം. ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ, പൊലീസ്, പൊതുമരാമത്ത് വിഭാഗം എന്നിവ സംയുക്തമായി റോഡ് ഓഡിറ്റ് നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കൽ.
എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ വി.എ. സഹദേവന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സുജീഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷൈൻമോൻ ചാക്കോ, ചന്ദ്രലാൽ, ഷാജു, പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എൻജിനിയർ സുരേഷ്, ഓവർസിയർ റുബീന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പാറ- കഞ്ചിക്കോട് റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നതിനു കാരണം വളവുകളിലെ കാഴ്ച മറയുന്നതാണെന്ന് പി.ഡബ്ലിയു.ഡിയും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വളവുകളിലെ കാടുകൾ വെട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചത്.
വരും ദിവസങ്ങളിൽ നഗരത്തിലെ റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മാതൃകാപരമായ ട്രാഫിക് നഗരത്തിലൊരുക്കുകയാണ് ലക്ഷ്യം
- വി.എ. സഹദേവൻ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ