വടക്കഞ്ചേരി: കണ്ണമ്പ്ര ഭൂമി ഇടപാടിലെ അഴിമതിയാരോപണം സി.പി.എം ഏരിയ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അന്വേഷിക്കും. ചിറ്റൂർ ഏരിയ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, തൃത്താല ഏരിയ സെക്രട്ടറി പി.എം. മോഹനൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നെല്ല് സംഭരണത്തിന് പുത്തൻ മാതൃകയും കർഷകർക്ക് സഹായവും എന്ന പ്രഖ്യാപനത്തോടെയായിരുന്നു റൈസ് പാർക്കിന്റെ തുടക്കം. 2020 ജൂലായ് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർമ്മാണോദ്ഘാടനവും നിർവഹിച്ചിരുന്നു. വാഹനമെത്താൻ പ്രയാസമുള്ള, അടിസ്ഥാന സൗകര്യം തീരെയില്ലാത്ത കുന്നിൻമുകളിലെ ഭൂമിയിൽ പ്ലാന്റ് തുടങ്ങിയെന്ന വിമർശനം പിന്നാലെയുണ്ടായി.
ഭൂമി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നതായി കാണിച്ച് സി.പി.എമ്മിലെ ഒരുവിഭാഗം നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. വിഷയം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായതിനെ തുടർന്നാണ് പാർട്ടി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തന്നോട് വ്യക്തിപരമായി വിദ്വേഷമുള്ള ജില്ലാ നേതാവാണ് പരാതിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോപണ വിധേയനായ സെക്രട്ടേറിയറ്റ് അംഗം കമ്മിറ്റിയിൽ വിശദീകരിച്ചുവെന്നാണ് സൂചന.