അലനല്ലൂർ: ജില്ലയിലെ മലയോര ഹൈവേയുടെ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തം. സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിർമ്മാണം മറ്റു പല ജില്ലകളിലും പുരോഗമിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി കാളികാവ് കരുവാരകുണ്ട് ഭാഗങ്ങളിലൂടെ ഈ പാത പാലക്കാട്ട് പ്രവേശിക്കുന്നത് അലനല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഓലപ്പാറയിലാണ്. തുടർന്ന് പൊൻപാറ, പിലാച്ചോല,​ എടത്തനാട്ടുകര കോട്ടപ്പള്ള, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, തിരുവിഴാംകുന്ന് വഴിയാണ് ഹൈവേ ജില്ലയിലെ കിഴക്കൻ മലയോരങ്ങളിലൂടെ കടന്നപോകുക. പദ്ധതി യാഥാർത്ഥ്യമായാൽ പ്രദേശത്ത് വലിയ വികസനക്കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോരവാസികൾ. വൻടൂറിസം സാദ്ധ്യതയുള്ള പാത വരുന്നതോടെ നിലമ്പൂരിലേക്കുള്ള യാത്രാദൂരവും പകുതിയായി കുറയും. സാങ്കേതിക തടസം മാറ്റി പ്രവൃത്തി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വാർഡ് മെമ്പർ നൈസി ബെന്നി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.