കൊല്ലങ്കോട്: പറശ്ശേരി കൊഴലോട് മലയടിവാരം പാടശേഖരങ്ങളിൽ നെല്ലോല മണ്ഡരിയുടെ അക്രമണം സ്ഥിരീകരിച്ചതോടെ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. നാലേക്കറോളം വരുന്ന സ്ഥലത്താണ് അക്രമണം രൂക്ഷമാകുന്നത്.
പ്രകാശൻ, ഹരിദാസ് എന്നീ കർഷകരുടെ പാടങ്ങളിൽ നടത്തിയ പഠനത്തിൽ ഇത് ഒലി ഗോനിക്കസ് ഒറൈസെ എന്ന ചിലന്തി മണ്ഡരികളാണെന്ന് കണ്ടെത്തി. ആദ്യമായാണ് പാടശേഖരത്തിൽ ചിലന്തി മണ്ഡരി ബാധയെന്ന്ക വിദഗ്ദ്ധർ പറയുന്നു.
60 ദിവസത്തോളം മൂപ്പെത്തിയ ഉമ, കുഞ്ഞ് കുഞ്ഞ് എന്നീ ഇനങ്ങളിൽപ്പെടുന്ന നെൽച്ചെടികളെയാണ് മണ്ഡരി ബാധിച്ചിരിക്കുന്നത്. പാടങ്ങളിൽ നെല്ലില്ലാത്ത അവസരങ്ങളിൽ കളകളിലും മറ്റും ജീവിക്കുന്ന കീടാണുക്കൾ നെല്ല് ചിനപ്പ് പൊട്ടുന്ന സമയത്ത് അവിടെയെത്തി എണ്ണം വർദ്ധിക്കുകയാണ്.
പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചു നിയന്ത്രണമാർഗ്ഗങ്ങളെ കുറിച്ചും സംഘം കർഷകർക്ക് നിർദ്ദേശം നൽകി.
രോഗ ലക്ഷണം
നെല്ലോലയുടെ അടിഭാഗത്ത് നിന്നും ചെടിയുടെ നീരൂറ്റി കുടിക്കുക വഴി ഇലകളുടെ നിറം നഷ്ടമാവുകയും ഇലകൾ നരച്ച് മഞ്ഞളിക്കുകയും ചെയ്യും.
ചെയ്യേണ്ടത്
പാടങ്ങളിൽ രോഗബാധ കാണുന്ന സാഹചര്യത്തിൽ ജൈവ കീടനാശിനികളായ വേപ്പെണ്ണ എമൽഷൻ (രണ്ട് ശതമാനം വീര്യം) അല്ലങ്കിൽ അസാഡിറാക് ടിൻ അടങ്ങിയ കീടനാശിനി മൂന്നു മുതൽ അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിലോ, വെറ്റബിൾ സൾഫർ മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിലോ കലക്കി തളിക്കാം.
കാലാവസ്ഥ വ്യതിയാനമാണ് രോഗബാധയ്ക്ക് കാരണം. മഴ കുറഞ്ഞ പാടങ്ങളിൽ വേണ്ടത്ര വെള്ളം കെട്ടി നിൽക്കാതെ വന്നത് മണ്ഡരിയുടെ വർദ്ധനവിന് കാരണമായി. മറ്റു രോഗങ്ങളുടെയും മൂലക അപര്യാപ്തതയുടെയും ലക്ഷണങ്ങളായി മണ്ഡരിബാധയെ തെറ്റിദ്ധരിക്കാൻ സാദ്ധ്യത ഉണ്ടെന്നതിനാൽ സമാന ലക്ഷണങ്ങൾ കണ്ടാൽ സ്വയം നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കാതെ കൃഷി ഭവനുമായി ബന്ധപ്പെടണം.
- പ്രൊഫ. ഡോ. ഹസീന ഭാസ്‌കർ, (കീടശാസ്ത്ര വിഭാഗം, കാർഷിക സർവകലാശാല)