ചിറ്റൂർ:അനർട്ടിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കാർബൺ രഹിത കൃഷിയിടങ്ങൾ എന്ന ലക്ഷ്യവുമായി പി.എം കെ.യു.എസ്.യു.എം പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലെ കാർഷിക കണക്‌ഷനുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
കർഷകർ ഏറെയുള്ള ചിറ്റൂർ മണ്ഡലത്തിൽ മാതൃകാ പദ്ധതിയെന്ന നിലയിലാണ് തുടക്കം കുറിക്കുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടി സ്വന്തം കാർഷിക കണക്‌ഷനിലുള്ള പമ്പ് സോളാർ ആക്കുന്നതിനുള്ള സമ്മതപത്രം അനർട്ട് സി.ഇ. ഒ അനീഷ് എസ് പ്രസാദിന് കൈമാറും.
പദ്ധതിയിലൂടെ ലഭിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി ക് നൽകുന്നത് കർഷകർക്ക് വരുമാനമാകും. ഒന്ന് മുതൽ 7.5 വരെയുള്ള എച്ച്.പി പമ്പുകൾക്ക് അർഹമായ സബ്‌സിഡി ആനുകൂല്യം ലഭിക്കും. സബ്‌സിഡി കഴിച്ചുള്ള തുക ലോൺ വ്യവസ്ഥയിൽ അനുവദിക്കുന്നതിനുള്ള നിർദ്ദേശവും ബാങ്കുകൾക്ക് നൽകിയിട്ടുണ്ടെന്ന് അനർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ പറഞ്ഞു.
ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്‌സൺ കെ.എൽ. കവിത അദ്ധ്യക്ഷയാകും. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പി.ആർ. ഷീല, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ എ. സുചിത്ര, ജോയിന്റ് ചീഫ് ടെക്‌നിക്കൽ മാനേജർ ആർ. ജയകുമാർ, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.