ration-card

- ഇതുവരെ നൽകിയത് 10220 പേർ
- കൂടുതൽ പേർ നൽകിയത് പട്ടാമ്പി താലൂക്കിൽ- 2630

പാലക്കാട്: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവർക്ക് പിഴകൂടാതെ കാർഡ് തിരിച്ചു നൽകാനുള്ള കാലാവധി ജൂലായ് 15 വരെ നീട്ടി. പിഴയോ ശിക്ഷയോ ഇല്ലാതെ കാർഡുകൾ മാറ്റുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെയായിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ ചർച്ചയിലാണ് കാലാവധി നീട്ടിയത്.

നിലവിൽ കഴിഞ്ഞ ദിവസം വരെ ജില്ലയിൽ അനർഹമായി എ.എ.വൈ, മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ കൈവശം വച്ച 10220 പേർ മടക്കി നൽകി. കൂടുതൽ പേർ നൽകിയത് പട്ടാമ്പി താലൂക്കിലാണ്, 2630 പേർ. കുറവ് ആലത്തൂർ താലൂക്കിലും, 1247 പേർ. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ച് സാധനങ്ങൾ വാങ്ങുന്നത് തടയുന്നതിനെതിരെ നടപടി കടുപ്പിച്ചതോടെയാണ് കാർഡ് മടക്കി നൽകുന്നവരുടെ എണ്ണം കൂടിയത്.

കൊവിഡ് സാഹചര്യത്തിൽ നേരിട്ട് എത്തിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് ഇമെയിൽ വഴിയും നൽകാം. ജൂലായ് 15നുശേഷം സിവിൽ സപ്ലൈസ് അധികൃതർ വീടുകളിൽ പരിശോധന നടത്തും. പരിശോധനയിൽ അനർഹ വ്യക്തികളിൽ നിന്ന് മുൻഗണനാ കാർഡ് കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. കൂടാതെ കാർഡ് കൈവശം വച്ച കാലയളവിൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ മാർക്കറ്റ് വില അനുസരിച്ച് പിഴയിടാക്കുകയും ചെയ്യും. പിഴ അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിച്ച് റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം സിവിൽ സപ്ലൈസ് കോർപറേഷന് കൈമാറാം.

-കാർഡുകൾ തിരിച്ചു നൽകിയവരുടെ എണ്ണം (താലൂക്ക് തിരിച്ച്)
.പാലക്കാട്- 1554
.ചിറ്റൂർ- 1669
.ഒറ്റപ്പാലം- 1580
.മണ്ണാർക്കാട്- 1540
.ആലത്തൂർ- 1247
.പട്ടാമ്പി- 2630

-കാലാവധി നീട്ടിയതോടെ ബാക്കിയുള്ളവർക്കും പിഴകൂടാതെ തിരിച്ചു നൽകാൻ സാധിക്കും. നിലവിൽ മടക്കി നൽകിയ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി നൽകും.

- യു.മോളി, ജില്ലാ സപ്ലൈ ഓഫീസർ, പാലക്കാട്.